കരുണയുടെ കരസ്പര്‍ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത
Wednesday, December 23, 2015 8:29 AM IST
മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണു മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. 

'ഉണ്ണീശോയ്ക്ക് ഒരുടുപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ കുഞ്ഞുമക്കള്‍ ചെറിയ പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കങ്ങളിലൂടെയും ഓരോ ദിവസവും മാറ്റിവച്ച ചെറിയ സമ്പാദ്യം ഉണ്ണീശോയ്ക്കുള്ള അവരുടെ സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയത്തില്‍ സമര്‍പ്പിക്കും. രൂപതാതലത്തില്‍ സമാഹരിക്കുന്ന ഈ തുക കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദൈവപരിപാലനയുടെ സഹോദരികള്‍ നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികള്‍ക്കു മെല്‍ബണ്‍ രൂപതയുടെ ക്രിസ്മസ് സമ്മാനമായി നല്‍കും.

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ ജൂബിലി വര്‍ഷത്തിലെ ക്രിസ്മസ് സുദിനം അനാഥരെയും പാവപ്പെട്ടവരെയും രോഗങ്ങളാല്‍ വലയുന്നവരെയും സഹായിക്കാനുള്ള വലിയ അവസരമായി കണ്ടുകൊണ്ട് രൂപതയുടെ ഈ പദ്ധതിയോട് സഹകരിക്കാന്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. ഈശോയില്‍ ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയും അത് എല്ലാവരുമായി പങ്കുവയ്ക്കാനും കഴിയുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് ആഘോഷിക്കുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നു മാര്‍ ബോസ്കോ പുത്തൂര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍