മെല്‍ബണ്‍ സീറോ മലബാര്‍ സമൂഹങ്ങളെ ഇടവകകളായി പ്രഖ്യാപിച്ചു
Friday, January 8, 2016 8:44 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ കീഴില്‍ മെല്‍ബണില്‍ മൂന്ന് ഇടവകകള്‍ നിലവില്‍ വന്നു. സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക മെല്‍ബണ്‍ നോര്‍ത്ത്, സെന്റ് തോമസ് ഇടവക മെല്‍ബണ്‍ സൌത്ത്-ഈസ്റ്, സെന്റ് മേരീസ് ഇടവക മെല്‍ബണ്‍ വെസ്റ് എന്നീ മൂന്നു സീറോ മലബാര്‍ സമൂഹങ്ങളെ ക്രിസ്മസ് ദിനത്തില്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഇടവകകളായി പ്രഖ്യാപിച്ചു.

ഫാ. മാത്യു കൊച്ചുപുരയ്ക്കലിനെ കത്തീഡ്രല്‍ ഇടവകയുടെയും മെല്‍ബണ്‍ വെസ്റ് ഇടവകയുടെയും പ്രഥമ വികാരിയായും ഫാ. ഏബ്രഹാം കുന്നത്തോളിയെ മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവകയുടെ പ്രഥമ വികാരിയായും നിയമിച്ചു. ഏകദേശം 2500ഓളം കുടുംബങ്ങളാണ് ഈ മൂന്ന് ഇടവകകളിലായുള്ളത്. ഒമ്പത് സെന്ററുകളിലായി ഞായറാഴ്ചകളിലും മറ്റുദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും മതബോധനവും നടത്തിവരുന്നു.

കത്തീഡ്രല്‍ ഇടവകയുടെയും മെല്‍ബണ്‍ വെസ്റ് ഇടവകയുടെയും നേതൃത്വത്തില്‍ മെല്‍ബണിലെ മിക്കലമില്‍ വാങ്ങിയ സ്ഥലത്ത് കത്തീഡ്രലിന്റെയും രൂപത ചാന്‍സിലറിയുടെയും അനുബന്ധ സൌകര്യങ്ങളുടെയും നിര്‍മാണത്തിനുള്ള മാസ്റര്‍ പ്ളാന്‍ അനുമതിക്കായി ലോക്കല്‍ കൌണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സൌത്ത്-ഈസ്റ് ഇടവകയുടെ നേതൃത്വത്തില്‍ മെല്‍ബണിലെ ഡാന്‍ഡിനോംഗ് സൌത്തില്‍ ഏകദേശം 2500ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളോടുകൂടിയ ഏഴ് ഏക്കറോളം സ്ഥലം വാങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

മെല്‍ബണിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ക്കു ലഭിച്ച ക്രിസ്മസ് സമ്മാനമായ ഇടവകകളുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണു വിശ്വാസികള്‍ സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍