ഈജിപുര ദേവാലയത്തില്‍ തിരുനാള്‍ 15 മുതല്‍
Friday, January 15, 2016 7:01 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹാമഹം 15 മുതല്‍ 24 വരെ നടക്കും. ഇതോടനുബന്ധിച്ചു 40 മണിക്കൂര്‍ ആരാധന, കുടുംബ വിശുദ്ധീകരണ ധ്യാനം, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. 15നു വൈകുന്നേരം ആറിനു തിരുനാള്‍ കൊടിയേറ്റ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് വികാരി ഫാ. പോള്‍ തേക്കാനത്ത് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.

16നു വൈകുന്നേരം 5.30 നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിനു സ്വീകരണം. തുടര്‍ന്ന് നടക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും ദിവ്യബലിക്കും മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 17ന് ഊട്ടുതിരുനാള്‍. രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് ധര്‍മാരാം റെക്ടര്‍ റവ. ഡോ. തോമസ് ഐക്കര സിഎംഐ കാര്‍മികത്വം വഹിക്കും. 11:30നു സിഎംസി സിസ്റേഴ്സ് അവതരിപ്പിക്കുന്ന ലഘുനാടകം. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വൈകുന്നേരം നാലിന് കന്നഡയില്‍ ദിവ്യബലി ഉണ്ടായിരിക്കും.

18, 19 തീയതികളില്‍ 40 മണിക്കൂര്‍ ആരാധന ഉണ്ടായിരിക്കും. 20, 21, 22 തീയതികളില്‍ ഫാ. പോള്‍ വടക്കുംമുറി സിഎംഐ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം. ഈ ദിവസങ്ങളിലെ ദിവ്യബലിയോടനുബന്ധിച്ച് വിശുദ്ധരുടെ നൊവേന ഉണ്ടായിരിക്കും. 23നു രാവിലെ എട്ടിനു നൊവേനയും തുടര്‍ന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കലും. വൈകുന്നേരം നാലിന് പള്ളിയിലേക്ക് അമ്പുകളുടെ കൂട്ടഎഴുന്നള്ളിപ്പ്. അഞ്ചിന് നടക്കുന്ന ദിവ്യബലിക്കും നോവേനയ്ക്കും ഫാ. ആന്റോ അമര്‍നാഥ് സിഎംഐ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ശിങ്കാരി മേളം. രാത്രി ഏഴിന് ഈജിപുര ചാവറ കലാവേദി ഒരുക്കുന്ന സാമൂഹ്യനാടകം 'സ്നേഹാമൃതം' ഉണ്ടായിരിക്കും.

24 നു വൈകുന്നേരം 4.30 നു തിരുനാള്‍ ദിവ്യബലിക്ക് നവവൈദികരായ ഫാ. തോമസ് ആയംകുടി സിഎംഐ, ഫാ. ജിയാന്റോ മഞ്ഞൂരാന്‍ സിഎംഐ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധരുടെ തേര് പ്രദക്ഷിണം, ലദീഞ്ഞ്, കരിമരുന്നു കലാപ്രകടനം, ശിങ്കാരി മേളം എന്നിവയും നടക്കും. 25നു വൈകുന്നേരം ആറിന് ഇടവകയിലെ സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള ദിവ്യബലി.