ഗതാഗതനിയമം ലംഘിച്ചാല്‍ പുഷ്പം ചാര്‍ത്തും
Thursday, January 21, 2016 9:39 AM IST
ബംഗളൂരു: പിഴയും തടവും കൊണ്െടാന്നും നഗരത്തിലെ ഗതാഗത ലംഘകരെ ഒതുക്കാന്‍ പറ്റില്ലെന്ന് ബംഗളൂരു ട്രാഫിക് പോലീസിനു മനസിലായിട്ടുണ്ട്. ഇതോടെ അടവ് ഒന്നു മാറ്റിപ്പിടിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. ഗതാഗതം ലംഘിക്കുന്നവരെ കൈയോടെ കൊണ്ടുപോയി ആദരിച്ച് ലജ്ജിതരാക്കുകയാണ് ട്രാഫിക് പോലീസിന്റെ പുതിയ തന്ത്രം.

ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസാണ് പുതിയ തന്ത്രം പരീക്ഷിച്ചത്. കഴിഞ്ഞ ദിവസം മാത്രം 40 ഗതാഗതലംഘകരെയാണ് ഇലക്ട്രോണിക് സിറ്റി പോലീസ് പിടികൂടിയത്. പിഴ നല്കുന്നതിനു പകരം ഇവരെ പൊന്നാടയണിയിക്കുകയും റോസാപ്പൂ നല്കുകയും ചെയ്തു. ഇത്തരത്തില്‍ സ്വീകരണം ലഭിക്കുന്നവര്‍ പിന്നീട് ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് പോലീസിന്റെ പക്ഷം.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തുന്ന ബിഎംടിസി ഡ്രൈവര്‍മാര്‍, നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍, ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ എന്നിവരെയാണ് ഇത്തരത്തില്‍ പിടികൂടി ബോധവത്കരണം നല്കുന്നതെന്ന് ഇലക്ട്രോണിക് സിറ്റി ട്രാഫിക് ഇന്‍സ്പെക്ടര്‍ എം.എ. മുഹമ്മദ് അറിയിച്ചു.