ഭിന്നശേഷിയുള്ളവരുടെ ക്രിസ്മസ് പുതുവത്സരാഘോഷം
Saturday, January 23, 2016 9:06 AM IST
ബംഗളൂരു: ബംഗളൂരു അതിരൂപതയുടെ ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഭിന്നശേഷിയുള്ള ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. അതിരൂപതയില്‍ ആദ്യമായാണ് ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ആര്‍ച്ച് ബിഷപ് മാര്‍ ബര്‍ണാഡ് മോറസ് അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍ ഫാ. ജയനാഥന്‍ സദസുമായി സംവദിച്ചു.

സോഫിയ ഓപ്പര്‍ച്യുണിറ്റി സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വാഗതഗാനം ആലപിച്ചു. ജ്യോതി സേവാ സെന്ററിലെ അംഗങ്ങളുടെ കരോള്‍ ഗാനവും ആശാദീപിലെ അംഗങ്ങളുടെ നൃത്തവും അരങ്ങേറി. അതിരൂപതാ കമ്മീഷന്‍ അംഗങ്ങളായ ഫാ. ജോര്‍ജ് കണ്ണന്താനം, ഫാ. നവീന്‍, സിസ്റര്‍ പ്രഭ, ഷാജി, ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.