ഐഎപിസി ആല്‍ബര്‍ട്ട ചാപ്റ്റര്‍ രൂപീകരിച്ചു: ഡോ. പി. ബൈജു പ്രസിഡന്റ്; സിജോ സേവ്യര്‍ സെക്രട്ടറി
Monday, January 25, 2016 7:30 AM IST
എഡ്മന്റ്ന്‍: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) ആല്‍ബര്‍ട്ട ചാപ്റ്റര്‍ രൂപീകരിച്ചു. എഴുത്തുകാരന്‍ ഡോ. പി. ബൈജുവാണ് എഡ്മന്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ്. രണ്ടു ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിജൈഹിന്ദ് വാര്‍ത്തയുടെ റിസര്‍ച്ച് എഡിറ്ററാണ്. ഭാഷയുടെയും പ്രവാസി സമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുന്നു. നിരവധി സാമൂഹ്യ സംഘടനകളുടെ സ്ഥാപകനും സംഘാടകനുമാണ് അദ്ദേഹം.

എഡ്മന്റനിലെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ സജയ് സെബാസ്റ്യനാണ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്. എഡ്മന്റനിലെ നിരവധി സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് അദ്ദേഹം.

സെക്രട്ടറി സിജോ സേവ്യര്‍ അറിയപ്പെടുന്ന വീഡിയോ ജേര്‍ണലിസ്റാണ്. ജീവന്‍ ടിവി ക്യാമറമാനും എസിവിയുടെ റിപ്പോര്‍ട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ പ്രവാസി എഴുത്തുകാരനും ജയ്ഹിന്ദ് വാര്‍ത്തയുടെ കാല്‍ഗിരി റിജിയണല്‍ ഡയറക്ടറുമായ ഷിജു ദേവസിയാണ് ജോയിന്റ് സെക്രട്ടറി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും കേബിള്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് നിരവധി വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള എല്‍ദോസ് ഏലിയാസാണ് ട്രഷറര്‍.

ഡിജിറ്റല്‍ മാധ്യമരംഗത്തെ പ്രമുഖനും ജയ്ഹിന്ദ് വാര്‍ത്ത ഡോട്ട് കോമിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ സോണി സെബാസ്റ്യന്‍, ഷോട്ട്ഫിലിം ഡയറക്ടും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ അഭിലാഷ് കൊച്ചുപുരയ്ക്കല്‍, പ്രമുഖ പ്രവാസി എഴുത്തുകാരന്‍ അജു വര്‍ഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

എഡ്മന്റനിലെ സാവോയിസ് റസ്റ്റോറന്റില്‍ നടന്ന രൂപീകരണയോഗത്തിന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയയും ഡയറക്ടര്‍മാരായ ആഷ്ലി ജോസഫും ജോസ് വി. ജോര്‍ജും നേതൃത്വം നല്‍കി. ഐഎപിസിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ച് ജിന്‍സ്മോന്‍ പി. സക്കറിയ വിശദീകരിച്ചു. ആഷ്ലി ജോസഫും ജോസ് വി. ജോര്‍ജും അംഗങ്ങളെ അനുമോദിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.