തിരുനാളിനു തുടക്കമായി
Monday, January 25, 2016 7:38 AM IST
ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. 22ന് വൈകുന്നേരം 5.30ന് വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ തിരുനാളിനു കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും നേര്‍ച്ച വിതരണവും നടന്നു.

ഇന്നലെ വൈകുന്നേരം 5.30ന് ധര്‍മാരാമിലുള്ള എല്ലാ നവവൈദികരും സമൂഹബലി അര്‍പ്പിച്ചു. ഇന്നു രാവിലെ ഒമ്പതിന് ഇടവകയിലെ വാര്‍ഡുകളിലും സംഘടനകളിലും സേവനമനുഷ്ഠിച്ച നവവൈദികരും സമൂഹബലി അര്‍പ്പിക്കും. 29 വരെ വൈകുന്നേരം അഞ്ചിന് ജപമാലയും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഫാ. ജോമോന്‍ കോലഞ്ചേരി, ഫാ. വര്‍ഗീസ് കടക്കേത്ത്, റവ.ഡോ. മാത്യു കോയിക്കര, ഫാ. ബോസ്കോ വെമ്പാല, ഫാ. ജയ്സണ്‍ നരികുഴി, ഫാ. റോബി വാടാന, ഫാ. ലിജു പൊറത്തൂര്‍, ഫാ. സാജു അലനിക്കല്‍, ഫാ. ജോജോ മഞ്ഞളി എന്നിവര്‍ നൊവേന ദിവസങ്ങളില്‍ ദിവ്യബലിക്ക് നേതൃത്വം നല്കും.

30ന് രാവിലെ 6.10ന് ദിവ്യബലിയും തുടര്‍ന്ന് വിവിധ വാര്‍ഡുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പും നടക്കും. വൈകുന്നേരം അഞ്ചിനു ദിവ്യബലിക്കു ശേഷം 6.30ന് ഇടവകയിലെ കൃപാലയയില്‍ നിന്ന് ദേവാലയത്തിലേക്ക് ആഘോഷമായ പ്രദക്ഷിണം നടക്കും.

പ്രധാന തിരുനാള്‍ ദിവസമായ ജനുവരി 31ന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും. ലോഗോസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് വെട്ടിയാങ്കല്‍ വിസി തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

വൈകുന്നേരം 5.30ന് ക്രൈസ്റ്റ് സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര മുഖ്യാതിഥിയായിരിക്കും. മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും.

ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ, ബിബിഎംപി മേയര്‍ മഞ്ജുനാഥ് റെഡ്ഡി, കോര്‍പറേറ്റര്‍ ജി. മഞ്ജുനാഥ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സെന്റ് തോമസ് പാരിഷ് ട്രസ്റ് മുഖ്യ രക്ഷാധികാരിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയുമായ ഡോ. സി.ജെ. റോയ്, രക്ഷാധികാരികളായ ടോണി വിന്‍സന്റ് ആറാട്ടുകുളം, സി.ജെ. ബാബു, ബോറിസ് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. രാത്രി ഏഴിന് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയും അരങ്ങേറും.

മരിയനഹള്ളി ദേവാലയത്തില്‍ തിരുനാള്‍ ആരംഭിച്ചു



ബംഗളൂരു: മരിയനഹള്ളി ചിക്കഗുബ്ബി സെന്റ് അഗസ്റിന്‍ ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.

ഇടവക വികാരി ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ ഒ.പ്രേം കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ. അഗസ്റിന്‍ ആമ്പശേരില്‍ ഒ.പ്രേം മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അനീഷ് കരിമാലൂര്‍, ഫാ. ജ്യോതിഷ് കാരിക്കടയില്‍ എന്നിവര്‍ കാര്‍മികരാകും. ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടിക സിഎംഐ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് ദേവാലയത്തിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാസന്ധ്യയും ഉണ്ടായിരിക്കും.

ഈജിപുര ദേവാലയത്തില്‍ തിരുനാള്‍ തുടങ്ങി



ഈജിപുര: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇന്നലെ രാവിലെ എട്ടിനു നൊവേനയും തുടര്‍ന്ന് ഭവനങ്ങളി ലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, വൈകുന്നേരം നാലിന് പള്ളിയിലേക്ക് അമ്പുകളുടെ കൂട്ട എഴുന്നള്ളിപ്പ് എന്നിവയും നടന്നു. വൈകുന്നേരം അഞ്ചിന് ദിവ്യബലിക്കും നൊവേനക്കും ഫാ. ആന്റോ അമര്‍നാഥ് സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ശിങ്കാരി മേളം, ഈജിപുര ചാവറ കലാവേദി ഒരുക്കിയ സാമൂഹ്യ നാടകം 'സ്നേഹാ മൃതം' എന്നിവയും അരങ്ങേറി.

പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് വൈകുന്നേരം 4.30ന് തിരു നാള്‍ ദിവ്യബലിക്ക് നവവൈദി കരായ ഫാ. തോമസ് ആയംകുടി സിഎംഐ, ഫാ. ജിയാന്റോ മഞ്ഞൂരാന്‍ സിഎംഐ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധരുടെ തേര് പ്രദക്ഷിണം, ലദീഞ്ഞ്, കരിമരുന്നു കലാപ്രകടനം, ശിങ്കാരി മേളം തുടങ്ങിയവയും നടക്കും. നാളെ വൈകുന്നേരം ആറിന് ഇടവകയിലെ സകല മരിച്ചവര്‍ക്കും വേണ്ടി ദിവ്യബലി ഉണ്ടായിരിക്കും. തിരു ക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപി ക്കാന്‍ ഏവരെയും ക്ഷണി ക്കുന്നതായി വികാരി ഫാ. പോള്‍ തേക്കാനത്ത് സിഎംഐ അറിയിച്ചു.