നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 14ന്
Monday, January 25, 2016 9:20 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനേഴാമത് വലിയ പൊങ്കാല മഹോത്സവത്തിനു ഫെബ്രുവരി 14ന് (ഞായര്‍) തിരി തെളിയും. രാവിലെ 4.30ന് നിര്‍മാല്യ ദര്‍ശനം. തുടര്‍ന്ന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. മേല്‍ശാന്തി ഉമേഷ് അടികള്‍ പരികര്‍മ്മിയാകും.

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൌണ്ടറില്‍ ലഭിക്കും.

വ്രതശുദ്ധിയോടും ആത്മസമര്‍പ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തില്‍ അടുപ്പുകൂട്ടി അരി ശര്‍ക്കര എന്നിവ വച്ച് തിളച്ചു തൂവി പാകമാവുമ്പോള്‍ തീര്‍ഥം തളിച്ച നിവേദ്യം ദേവീ മന്ത്രജപത്തോടെ അഭീഷ്ട വര പ്രദായിനിയായ ശ്രീ ഭഗവതിക്ക് സമര്‍പ്പിക്കുമ്പോള്‍ ദീര്‍ഘ സുമംഗലീത്വം, മംഗല്യ ഭാഗ്യം, ആയുരാരോഗ്യ സമ്പല്‍സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണു സങ്കല്‍പ്പം.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും നടക്കും. ഉഷപൂജ, 8.30നു പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരല്‍, തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കല്‍, ഉച്ചപൂജ, ഉച്ച ദീപാരാധന, തത്ത്വമസി വികാസ്പുരി അവതരിപ്പിക്കുന്ന ഭക്തിഗാനാര്‍ച്ചന എന്നിവയാണ് പ്രധാന പരിപാടികള്‍. ഉച്ചക്ക് നടക്കുന്ന അന്നദാനത്തില്‍ ജാതി മത ഭേദമന്യേ നിരവധിപേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡല്‍ഹിയുടേയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍നിന്നെല്ലാം പൊങ്കാലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണുകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോഓര്‍ഡിനേറ്റര്‍മാരില്‍ ഈ മാസാവസാനത്തോടെ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9811219540, 9811744625, 9650421311.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി