പീഡനത്തിനിരയായ അറ്റോര്‍ണി മീനാക്ഷിക്ക് 9,24,500 ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
Wednesday, January 27, 2016 8:28 AM IST
കലിഫോര്‍ണിയ: നാല്പതു വര്‍ഷത്തിലധികമായി ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന പതിനായിരക്കണക്കിന് അനുയായികളുളള ഗ്ളോബല്‍ യോഗ കേന്ദ്രത്തിന്റെ ഉടമ ബിക്രം ചൌധരി(69) യുടെ പീഡനത്തിനിരയായ അറ്റോര്‍ണി മീനാക്ഷിക്കു 9,24,500 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് ജൂറി വിധിച്ചു.

യോഗ ഗുരുവിന്റെ അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുമ്പോള്‍ യോഗാ പരിശീലനത്തിനെത്തിയ ഒരു യുവതിയുടെ പരാതി അന്വേഷിക്കുന്നതിനിടയിലാണു മീനാക്ഷി പീഡിപ്പിക്കപ്പെട്ടത്. മീനാക്ഷിക്കു തുടര്‍ന്ന് ജോലിയും നഷ്ടപ്പെട്ടു.

എന്നാല്‍ ലൈംഗിക ആരോപണം നിഷേധിച്ച യോഗാ ഗുരു, അമേരിക്കയില്‍ അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്നതിനുളള യോഗ്യത മീനാക്ഷിക്ക് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണു പിരിച്ചു വിട്ടതെന്നും പറഞ്ഞു. 2011 ലാണു മീനാക്ഷി ഗുരുവിന്റെ അറ്റോര്‍ണിയായി ചുമതലയേറ്റത്. 2013ല്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

കോല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന ചൌധരി കലിഫോര്‍ണിയായില്‍ എത്തി സ്ഥാപിച്ച യോഗാ കേന്ദ്രം വിശ്വപ്രസിദ്ധമായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍