ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വിജ്ഞാപനമായി
Wednesday, January 27, 2016 8:43 AM IST
ബംഗളൂരു: ഫെബ്രുവരി 13, 20 തീയതികളിലായി നടക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് വിജ്ഞാപനമായി. ഫെബ്രുവരി ഒന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി നാലാണ്.

ഫെബ്രുവരി ഒന്നിനാണ് രണ്ടാംഘട്ട വിജ്ഞാപനം. എട്ടുവരെ പത്രിക നല്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആണ്. 2.89 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇവയില്‍ 1.47 കോടി പുരുഷന്മാരും 1.32 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഇത്തവണ നിഷേധവോട്ടിനുള്ള അവസരമുണ്ടാകുമെന്ന പ്രത്യേകതയുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടയ്ക്കുള്ള സൌകര്യമൊരുക്കുന്നത്.

ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, രാമനഗര്‍, ചിത്രദുര്‍ഗ, ദാവന്‍ഗരെ, കോലാര്‍, ചിക്കബല്ലാപുര്‍, ശിവമോഗ, തുമകുരു, ബലാഗവി, ഹവേരി, ബാഗല്‍കോട്ട, ഉത്തരകന്നഡ, ധാര്‍വാഡ്, ഗദക് എന്നീ ജില്ലകളില്‍ ഫെബ്രുവരി 13ന് തെരഞ്ഞെടുപ്പ് നടക്കും.

മൈസൂരു, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഹാസന്‍, കുടക്, മാണ്ഡ്യ, ചാമരാജനഗര്‍, ഉഡുപ്പി, ബിദാര്‍, ബെല്ലാരി, കാലാബുരാഗി, യാദ്ഗിര്‍, റായ്ച്ചുര്‍, കോപ്പാല്‍, വിജയപുര എന്നി ജില്ലകളില്‍ ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ്.