യംഗ് ഷെഫ് ഒളിംപ്യാഡിന് ബംഗളൂരുവും വേദിയാകും
Wednesday, January 27, 2016 8:44 AM IST
ബംഗളൂരു: ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് യംഗ് ഷെഫ് ഒളിംപ്യാഡിന് ബംഗളൂരുവും വേദിയാകും. ഈ മാസം 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ ബംഗളൂരു, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്. 67 രാജ്യങ്ങളില്‍ നിന്നുള്ള പാചകവിദ്യാര്‍ഥികള്‍ ഒളിംപ്യാഡില്‍ പങ്കെടുക്കും.

കേന്ദ്ര വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്നാണ് യംഗ് ഷെഫ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്. ജനുവരി 27ന് ഡല്‍ഹിയിലെ തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. വിജയികള്‍ക്ക് 10,000 ഡോളറാണ് സമ്മാനം. ഓരോ രാജ്യത്തു നിന്നും ഓരോ വിദ്യാര്‍ഥിയും അവരുടെ ഉപദേശകരുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഫൈനല്‍ ഫെബ്രുവരി ഒന്നിന് കോല്‍ക്കത്തയില്‍ നടക്കും.ഇത്തവണ ഇംഗ്ളണ്ട്, ഫ്രാന്‍സ്, മലേഷ്യ, ചൈന, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, സ്പെയിന്‍, സ്വീഡന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.