ശ്രീനാരായണ ദേശീയ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു
Thursday, January 28, 2016 8:10 AM IST
ഡാളസ്: ശ്രീനാരായണ ഗുരുദേവന്റെ മതാതീയ ആത്മീയതയുടെയും മാനവികതയുടെയും സ്നേഹ സന്ദേശങ്ങള്‍ വിളിച്ചോതിക്കൊണ്ട് ജൂലൈ ഏഴു മുതല്‍ 10 വരെ ഹൂസ്റണില്‍ നടക്കുന്ന ശ്രീനാരായണ ദേശീയ കണ്‍വന്‍ഷന്റെ ഡാളസ് റീജണല്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ജനുവരി 23ന് ഇര്‍വിംഗില്‍ നടന്നു.

ശ്രീനാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പ്രമോദ് വൈക്കത്ത്, സെക്രട്ടറി വികാസ് ഭാസ്കരന്‍, ട്രഷറര്‍ മനോജ് കുട്ടപ്പന്‍, കമ്മിറ്റി അംഗങ്ങളായ സുജിത് തങ്കപ്പന്‍, നന്ദകുമാര്‍ അമ്മിണി, മനോജ് തങ്കച്ചന്‍, സുഷീല്‍ കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സന്തോഷ് വിശ്വനാഥന്‍, സുജി വാസവന്‍, സി.കെ. തമ്പി, വിലാസ് കുമാര്‍, ശ്രീനാരായണ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി ദീപക് കൈതക്കപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജൂലൈയില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനില്‍ ദാര്‍ശനിക ലോകത്തിനു ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതും വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയ ജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിനു പരിചയപ്പെടുത്താം എന്നതുമാണ് കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം