എന്‍ഐഎ അറസ്റ്: പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തം
Friday, January 29, 2016 9:03 AM IST
ബംഗളൂരു: കര്‍ണാടകയില്‍ നിന്ന് ഐഎസ് ഭീകരബന്ധമുണ്െടന്ന് സംശയിക്കുന്ന ആറുപേര്‍ അറസ്റിലായതിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്െടന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രധാന കെട്ടിടങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റാന്‍ഡുകള്‍, റെയില്‍വേ സ്റേഷനുകള്‍, വിനോദസഞ്ചാര മേഖലകള്‍ തുടങ്ങി മുന്നൂറോളം സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎസ് അനുഭാവികളുടെ അറസ്റും സംസ്ഥാന, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പും കണക്കിലെടുത്താണ് സംസ്ഥാനത്തുടനീളം കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ജി. പരമേശ്വര അറിയിച്ചു.

ബംഗളൂരുവിന്റെ സമീപമേഖലകളായ തുമകുരു, കോലാര്‍, രാമനഗരം എന്നിവിടങ്ങളില്‍ പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ഈ മേഖലകള്‍ ഭീകരര്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനും ആക്രമണങ്ങള്‍ പദ്ധതിയിടുന്നതിനുമായുള്ള ഒളിത്താവളങ്ങളായി ഉപയോഗിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്.

എല്ലാജില്ലകളിലും പ്രത്യേക ഗരുഡ ടീമുകളെ വിന്യസിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്‍എസ്ജി കമാന്‍ഡോകളുടേതുപോലെ പ്രത്യേക പരിശീലനം സിദ്ധിച്ച 110 സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംസ്ഥാന സേനയാണ് ഗരുഡ.

അതേസമയം, സംസ്ഥാന ഇന്റലിജന്‍സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ആഭ്യന്തരമന്ത്രി തള്ളി. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോടു പറഞ്ഞു.

ഐഎസ് ബന്ധം സംശയിക്കുന്ന ആറുപേരാണ് ഇതുവരെ സംസ്ഥാനത്തുനിന്ന് അറസ്റിലായത്. ഇവരില്‍ നാലുപേരെ വെള്ളിയാഴ്ചയാണ് എന്‍ഐഎ പിടികൂടിയത്. ആറു പേരെയും ബംഗളൂരുവിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ജനുവരി 27ന് ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കുന്നതിനായി ഇവരെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. നജ്മുല്‍ ഹുദ (മംഗളൂരു), മുഹമ്മദ് അഫ്സല്‍, ആസിഫ് അലി, സൊഹൈല്‍ അഹമ്മദ്, മുഹമ്മദ് അഹാദ് (ബംഗളൂരു), സയീദ് മുജാഹിദ് ഹുസൈന്‍ (തുമകുരു) എന്നിവരാണ് സംസ്ഥാനത്തു നിന്നു പിടിയിലായത്.