കര്‍മലാരാം മൌണ്ട് കാര്‍മല്‍ ദേവാലയം കൂദാശ ചെയ്തു
Friday, January 29, 2016 9:05 AM IST
ബംഗളൂരു: കര്‍മലാരാമിലെ ക്രിസ്തീയ സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്ന മൌണ്ട്് കാര്‍മല്‍ ദേവാലയം കൂദാശ ചെയ്തു. ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു.

ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കര്‍മലീത്താ സഭാ മലബാര്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസഫ് എളമ്പ്ര, കര്‍മലാരാം തിയോളജി കോളജ് റെക്ടര്‍ ഫാ. വിന്‍സെന്റ് ഉതിരക്കുളത്ത്, മാണ്ഡ്യ രൂപതാ വികാരി ജനറാല്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് 11.30നു നടന്ന പൊതുസമ്മേളനം മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. തോമസ് വടക്കേടത്ത് ഒസിഡി, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഫാ. ജോസഫ് എളമ്പ്ര, മഹാദേവപുര എംഎല്‍എ അരവിന്ദ ലിംബാവലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ ജെജെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിനും ടീമംഗങ്ങള്‍ക്കും ചടങ്ങില്‍ ഇടവകയുടെ സ്നേഹോപഹാരങ്ങള്‍ നല്കി ആദരിച്ചു. പരിപാടിയുടെ കണ്‍വീനര്‍ സന്തോഷ് കിഴക്കേക്കര കൃതജ്ഞതയര്‍പ്പിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. വൈകുന്നേരം 5.30ന് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. തോമസ് വടക്കേടത്ത് ഒസിഡി കൊടിയേറ്റി. ഇന്നു രാവിലെ എട്ടിന് ആഘോഷമായ ദിവ്യബലിയും ഇടവകയിലെ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണവും സ്ഥൈര്യലേപന കൂദാശയും നടക്കും. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യകാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിവസമായ 31ന് രാവിലെ 6.30നും ഒമ്പതിനും 11നും ദിവ്യബലി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അമ്പുപ്രദക്ഷിണം. നാലിനു ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറല്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.

ആറിന് ദേവാലയം ചുറ്റി ആഘോഷമായ പ്രദക്ഷിണവുംതുടര്‍ന്ന്കരിമരുന്ന് കലാപ്രകടനവും നടക്കും. വൈകുന്നേരംഏഴിന് നാടകം അരങ്ങേറും.