അവയവ ദാനത്തിന്റെ സ്നേഹ സന്ദേശവുമായി ചിറമേലച്ചന്‍ ഓസ്ട്രേലിയയിലും
Saturday, January 30, 2016 3:16 AM IST
മെല്‍ബണ്‍: അവയവ ദാനത്തിന്റെ മഹത്തായ സന്ദേശം കടല്‍ കടത്തി ഫാ.ഡേവിസ് ചിറമേല്‍ ഓസ്ട്രേലിയയില്‍ ശ്രദ്ധേയനായി. മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി എന്നിവിടങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ ഫാ. ചിറമേല്‍ നടത്തിയ പ്രഭാഷണങ്ങളെത്തുടര്‍ന്നു മുന്നൂറിലേറെ ഓസ്ട്രേലിയന്‍ മലയാളികള്‍ അവയവദാന സമ്മതപത്രം നല്‍കി.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ കീഴില്‍ നടത്തുന്ന അവയവദാന പദ്ധതിയിലേക്കാണു സമ്മതപത്രം നല്‍കിയത്. മാനുഷിക സേവന വകുപ്പിന്റെ കീഴില്‍ നടത്തപ്പെടുന്ന ഈ പദ്ധതിയില്‍ ഏതെങ്കിലും ഒരു രാജ്യത്തുനിന്നുള്ള ആളുകള്‍ ഇതുപോലെ കൂട്ടമായി അംഗമാകുന്നത് ഇതാദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. അവയവദാനത്തിനുള്ള സമ്മതപത്രം ഫോമുകള്‍ കെട്ടുകണക്കിന് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങിയ ഫാ. ചിറമേല്‍ ഓരോ സമ്മേളനങ്ങളിലും അത് ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുകയായിരുന്നു. ഫാ. ചിറമേലിനെ ബ്രയാന്‍ പൈന്‍റെര്‍ എംപി ഉപഹാരം നല്‍കി ആദരിച്ചു.
മരണാന്തരം അവയവം ദാനം ചെയ്യുന്നതിലൂടെ സഹജീവികള്‍ക്ക് നല്‍കുന്ന സഹായത്തെ ക്കുറിച്ച് സ്വതസിദ്ധമായ നര്‍മ്മംചാലിച്ച പ്രഭാഷണത്തിലൂടെ കേള്‍വിക്കാരെ ബോധാവല്‍ക്കരിച്ചാണ് സ്വന്തം കിഡ്നി ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹം സമ്മതപത്രം സ്വരൂപിച്ചത്. മരണാന്തരം അവയവം ദാനം ചെയ്യുന്നവരുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോകുന്നതിനോ അതല്ലെങ്കില്‍ ഇവിടെ സംസ്കരിക്കുന്നതിനോ വരുന്ന ചിലവുകള്‍ വഹിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയന്‍ സര്‍ക്കാരിനു കീഴിലെ മാനുഷിക സേവന വകുപ്പ് ഉദ്യോഗസ്ഥന്‍ ബിനോയ് പോള്‍, ജോസ് എം. ജോര്‍ജ്, ജോര്‍ജ് തോമസ്, ജോണ്‍സണ്‍ മാമലശേരി, പ്രസാദ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ആണു സമ്മതപത്രശേഖരണം നടത്തിയത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി