പിന്‍സീറ്റിലെ ഹെല്‍മെറ്റ്: മൂന്നു ദിവസത്തിനിടെ പിടികൂടിയത് 7,000 പേരെ
Saturday, January 30, 2016 11:15 AM IST
ബംഗളൂരു: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ നഗരത്തില്‍ ട്രാഫിക് പോലീസ് പരിശോധന ശക്തമാക്കി. മൂന്നു ദിവസത്തിനിടെ ഇത്തരത്തില്‍ പിടികൂടിയ 7,000 പേരില്‍ നിന്നാണ് പിഴയീടാക്കിയത്. ഗതാഗത വകുപ്പിന്റെ പത്തു സ്ക്വാഡുകളും സിറ്റി ട്രാഫിക് പോലീസുമാണ് നഗരത്തില്‍ വി വിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. നിയമലംഘനത്തിന്റെ പേരില്‍ ആദ്യതവണ പിടിക്കപ്പെട്ടാല്‍ നൂറു രൂപയും രണ്ടാം തവണ 300 രൂപയുമാണ് ഈടാക്കുന്നത്. മൂന്നാമത് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളിലേക്കു നീങ്ങും. ഹെല്‍മറ്റ് കൂടാതെ ലൈസന്‍സ്, വാഹനത്തിന്റെ രേഖകള്‍ എന്നിവയും വിശദമായി പരിശോധിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, മംഗളൂരു ജില്ലകളിലും ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്.