ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജയിംസ് കുറിച്ചി
Monday, February 1, 2016 7:21 AM IST
ഷിക്കാഗോ: മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനെതിരെ എസ്എഫ്ഐ അഴിച്ചുവിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ മനോവേദനയോടെയാണ് കാണാന്‍ കഴിഞ്ഞതെന്നു ഡോ. ജയിംസ് കുറിച്ചി അഭിപ്രായപ്പെട്ടു. പണ്ഡിതനും വിനീതനും സംസ്കാരസമ്പന്നനുമായ ടി. പി. ശ്രീനിവാസനെതിരായ ആക്രമണം സംസ്ക്കാരമുള്ള ഓരോ ഭാരതീയന്റേയും നേരെയുള്ള ആക്രമണമാണ്. എസ്. എഫ്. ഐയുടെ നേതാവ് അടിക്കുന്നത് ഓരോ ഭാരതീയന്റേയും കരണത്താണ്. വഴിപിഴച്ച വിദ്യാര്‍ഥിരാഷ്ര്ടീയക്കാര്‍ ഇക്കാര്യം മനസിലാക്കിയാല്‍ നന്ന്.

അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ് അംബാസിഡര്‍ ശ്രീനിവാസന്‍. അദ്ദേഹത്തിനെതിതാരായ ഈ അക്രമണത്തെ ഓരോ അമേരിക്കന്‍ മലയാളിയും അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. അവരോടൊപ്പം ഞാനും ഈ ഹീനകൃത്യം ചെയ്തവരെ മാതൃകാപരമായും അര്‍ഹമായും ശിക്ഷിക്കണം, ശിക്ഷിക്കുമെന്നു കരുതാം. അതുകൊണ്ട് മതിയാകുകയില്ല. ഈ കയ്യേറ്റത്തിന് പ്രേരകമായ അധഃപതിച്ച സംസ്കാരം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്ന രാഷ്ടീയ സംസ്ക്കാരത്തിന് മാറ്റം വരണം. അതോടൊപ്പം ഈ കുറ്റകൃത്യം നിഷ്ക്രിയരായി കണ്ടു നില്ക്കാന്‍ നിയമപാലകരെ പ്രേരിപ്പിച്ച വസ്തുതകള്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം