ടാമ്പായില്‍ എംഎസിഎഫിനു പുതിയ നേതൃത്വം; ടോമി മ്യാല്‍ക്കരപ്പുറത്ത് പ്രസിഡന്റ്
Wednesday, February 3, 2016 7:08 AM IST
ടാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ 2016-ലെ ഭരണസമിതി അധികാരമേറ്റു. ടോമി മ്യാല്‍ക്കരപ്പുറത്ത് (പ്രസിഡന്റ്), രാജീവ് നായര്‍ (സെക്രട്ടറി), ഏബ്രഹാം ചാക്കോ (ട്രഷറര്‍), സജി മഠത്തിലേട്ട് (വൈസ് പ്രസിഡന്റ്), സജി കരിമ്പന്നൂര്‍ (ജോയിന്റ് സെക്രട്ടറി), ഷീലാ ഷാജു (ജോയിന്റ് ട്രഷറര്‍) തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍.

വര്‍ഗീസ് ഏബ്രഹാം, തോമസ് ജോര്‍ജ്, ഷോണി ഏബ്രഹാം, സുനില്‍ വര്‍ഗീസ്, ഷാജി ജോസഫ്, ഫാ. ടോംസണ്‍ ചാക്കോ, രാംപ്രസാദ്, ജസ്റിന്‍ ജയ്മോന്‍, റൂബി ജോസഫ് എന്നിവരാണു കമ്മിറ്റി അംഗങ്ങള്‍.

തൊടുപുഴ സ്വദേശിയായ ടോമി മ്യാല്‍ക്കരപ്പുറത്ത് പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമാണ്. ദേശീയ സംഘടനയായ കെസിസിഎന്‍എയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ രാജീവ് നായര്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. ഡാളസ് മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പറായും, കേരളാ അസോസിസിയേഷന്‍ ഓഫ് നാഷ് വില്ലിന്റെ സെക്രട്ടറിയായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നി സ്വദേശിയായ ഏബ്രഹാം ചാക്കോ ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്റെ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നൂതനമായ കര്‍മപരിപാടികളുമായി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമായി മുന്നോട്ടു നയിക്കുമെന്നു പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് പറഞ്ഞു. അസോസിയേഷന്‍ ഹാളില്‍ വച്ച് ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ പരിശീലനം, ഡാന്‍സ് ക്ളാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവ ഉടന്‍ ആരംഭിക്കും. യുവതലമുറയെ അസോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കും.

അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രധാന പരിപാടികളുടെ തീയതികള്‍: ഏപ്രില്‍ 9 - പ്രവര്‍ത്തനോദ്ഘാടനം, വിഷു, ഈസ്റര്‍, നാടന്‍ തട്ടുകട.
ജൂണ്‍ 3- തൈക്കുടം ബ്രിഡ്ജ്, സ്റേജ്ഷോ.
സെപ്റ്റംബര്‍ 10- ഓണം.
ഡിസംബര്‍ 25- ക്രിസ്തുമസ്- പുതുവത്സരാഘോഷം.

ഫ്ളോറിഡയിലുള്ള എല്ലാ മലയാളികളെയും അസോസിയേഷന്റെ എല്ലാ പരിപാടികളിലേക്കും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ാമരളമാുേമ.രീാ ഉണ്ണികൃഷ്ണന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം