മെല്‍ബണില്‍ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിന്
Friday, February 5, 2016 7:58 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍, ഇടവകമധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിനു (ഞായര്‍) ആഘോഷിക്കുന്നു.

ക്യാംബെല്‍ഫീല്‍ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണു തിരുനാള്‍. ഉച്ചകഴിഞ്ഞു മൂന്നിന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ അഘോഷങ്ങള്‍ക്കു തുടക്കമാകും. 4.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ മെല്‍ബണ്‍ ഉത്സവ് ക്ളബിന്റെ ചെണ്ടമേളവും മെല്‍ബണ്‍ ശ്രീലങ്കന്‍ കമ്യൂണിറ്റിയുടെ ബാന്‍ഡ്സെറ്റും അകമ്പടി സേവിക്കും. സമാപന പ്രാര്‍ഥനകള്‍ക്കുശേഷം ഓസ്ട്രേലിയയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും. സ്നേഹവിരുന്നോടെ തിരുനാള്‍ അഘോഷങ്ങള്‍ സമാപിക്കും.

തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ജനുവരി 30 മുതല്‍ ആരംഭിച്ചു.

44 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ എറ്റെടുത്തു നടത്തുന്നത്. കത്തീഡ്രല്‍ സമൂഹം ഇടവകയായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന ആദ്യത്തെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍, ട്രസ്റിമാരായ ജയ്സ്റൊ ജോസഫ്, ടിജോ ജോസഫ്, തിരുനാള്‍ കണ്‍വീനര്‍ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുനാള്‍ അഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍