അമേരിക്കയിലെ ഏറ്റവും വലിയ കുരിശു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു
Friday, February 5, 2016 8:00 AM IST
കോര്‍പസ് ക്രിസ്റി: 95 അടി വീതിയും 210 അടി ഉയരവുമുള്ള അമേരിക്കയിലെ ഏറ്റവും വലിയ കുരിശിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ബോഡി ഓഫ് ക്രൈസ്റ് എന്ന പ്രോജക്ട് കോര്‍പസ് ക്രിസ്റി ഇന്റര്‍ സ്റേറ്റ് 37 ലുള്ള എബന്റ് ലൈഫ് ഫെലോഷിപ്പ് കാമ്പസില്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു മില്യണ്‍ ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നത്.

ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ആത്മഹത്യാപ്രവണതകള്‍ ഒഴിവാക്കുക, സമൂല പരിവര്‍ത്തനത്തിന് ജീവിതങ്ങളെ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയില്‍ അഞ്ചുമൈല്‍ ദൂരെ നിന്നും ആകാശത്തുനിന്ന് പത്തുമൈല്‍ ഉയരത്തില്‍നിന്ന് കുരിശ് കാണാന്‍ കഴിയുമെന്ന് സംഘാടകര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ കുരിശ് (495 അടി ഉയരം) തുലനം ചെയ്യുമ്പോള്‍ ഇതു വളരെ ചെറുതാണ്. കുരിശിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍