കേസുകള്‍ ഒന്നിച്ചു വിചാരണ ചെയ്യണമെന്ന മഅദനിയുടെ ഹര്‍ജി തള്ളി
Friday, February 5, 2016 8:04 AM IST
ബംഗളൂരു: 2008ലെ ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട ഒമ്പതു കേസുകളിലും ഒന്നിച്ചു വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി ബംഗളൂരു എന്‍ഐഎ കോടതി തള്ളി. കേസുകള്‍ ഏകീകരിക്കുന്നത് വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം തള്ളിയത്.

നിലവിലെ സാഹചര്യത്തില്‍ കേസുകള്‍ ഒന്നേകാല്‍ വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ കേസുകള്‍ ഏകീകരിച്ചാല്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടിവരുമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയെ രേഖാമൂലം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനായ പി. ഉസ്മാനാണ് മഅദനിക്കു വേണ്ടി ഹാജരായത്. കേസിലെ തുടര്‍വിചാരണ ഫെബ്രുവരി 22ലേക്കു മാറ്റി. പബ്ളിക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തിലാണ് ഈ നടപടി.

കേസുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് മഅദനിക്ക് വിചാരണക്കോടതിയില്‍ ഹര്‍ജി നല്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഅദനി ഹര്‍ജി നല്കിയത്. ഒമ്പതു കേസുകളിലും പ്രതികളും സാക്ഷികളും ഒരേ ആളുകളായിരുന്നതിനാല്‍ വിചാരണ ഒരുമിച്ചു നടത്തണമെന്നാണ് മഅദനി ആവശ്യപ്പെട്ടത്.