ഷെങ്ഗണ്‍ കരാറിനു മരണമണി മുഴങ്ങുന്നു
Friday, February 5, 2016 10:31 AM IST
ബ്രസല്‍സ്: അഭയാര്‍ഥി പ്രവാഹം ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ ഗ്രീസിനെ ഷെങ്ഗണ്‍ മേഖലയില്‍നിന്നു പുറത്താക്കുമെന്ന ഓസ്ട്രിയയുടെ പ്രഖ്യാപനത്തെ ജര്‍മനി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇതു വെറുമൊരു ഭീഷണിയല്ലെന്നു തെളിയിക്കാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് ഓസ്ട്രിയന്‍ അധികൃതര്‍.

ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ജോവാന മിക്ള് ലീറ്റ്നര്‍ നേരിട്ടാണ് ഇതിനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. മേഖലയില്‍നിന്ന് ഗ്രീസിനെ താത്കാലികമായി പുറത്താക്കിയാല്‍ അവിടെയെത്തുന്ന അഭയാര്‍ഥികള്‍ക്ക് ഇതര യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെടും.

ഇപ്പോള്‍ ഗ്രീസിലൂടെ യൂറോപ്പില്‍ കടക്കുന്ന അഭയാര്‍ഥികള്‍ അവിടെനിന്നു ലഭിക്കുന്ന പെര്‍മിറ്റ് ഉപയോഗിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറുകയാണ്. ഈ സാഹചര്യത്തില്‍, യൂറോപ്യന്‍ യൂണിയനുള്ളില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇതിനു ഔദ്യോഗിക പരിവേഷം കൂടി ലഭിച്ചതോടെ ഷെങ്ഗണ്‍ ഉടമ്പടിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്നാണു വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന്റെ തന്നെ അടിസ്ഥാനശിലയാണ് അംഗരാജ്യങ്ങള്‍ക്കിടയില്‍ പാസ്പോര്‍ട്ട്രഹിത യാത്ര അനുവദിക്കുന്ന ഷെങ്ഗണ്‍ ഉടമ്പടി.

ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ക്കു പരമാവധി മേയ് വരെയാണ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുക. ഇത് രണ്ടു വര്‍ഷം വരെ നീട്ടുക എന്ന നിര്‍ദേശമാണ് കഴിഞ്ഞയാഴ്ച നടന്ന ഉച്ചകോടി ചര്‍ച്ചകളില്‍ പ്രശ്നത്തിന് സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയം.

അതുതന്നെയുമല്ല യൂറോപ്പിതര രാജ്യപൌരന്മാര്‍ ഷെങ്ഗണ്‍ വീസ ഉപയോഗിച്ചാണ് ഇയു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. പക്ഷെ മുമ്പ് ഈ വീസയിലെത്തുന്നവര്‍ക്ക് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് യാത്രചെയ്യുമ്പോള്‍ അതിര്‍ത്തികളില്‍ പരിശോധനയെ നേരിടേണ്ടി വന്നിരുന്നില്ല. പരിശോധന ഒഴിവാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇയുവിലെ മിക്കരാജ്യങ്ങളും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. മൂന്നു മാസം കാലാവധി പരിധിയുള്ള ഷെങ്ഗണ്‍ വീസയില്‍ രണ്ടുതരം രേഖപ്പെടുത്തലുകള്‍ ഉണ്ട്. ഒന്ന് സിംഗിള്‍ എന്‍ട്രിയും മറ്റേത് മള്‍ട്ടിപ്പിള്‍ എന്‍ട്രിയുമാണ്. ഇതില്‍ ആദ്യത്തേതില്‍ ഒരു രാജ്യം മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ. രണ്ടാമത്തേതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിക്കാര്‍ ഇപ്പോള്‍ പരിശോധന നേരിടേണ്ടി വരും. സംശയമെന്നു തോന്നിയാല്‍ ഇവരെ തിരിച്ചയയ്ക്കുകയും ചെയ്യും.

28 അംഗ ഇയുവില്‍ 26 രാജ്യങ്ങള്‍ മാത്രമാണ് ഷെങ്ഗണ്‍ വീസയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍