ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ പുതിയ ഭാരവാഹികള്‍ ഫെബ്രുവരി ആറിനു ചുമതലയേല്‍ക്കും
Saturday, February 6, 2016 5:37 AM IST
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) പുതിയ സാരഥികള്‍ ഫെബ്രുവരി ആറിനു ചുമതലയേല്‍ക്കുന്നു. വൈകുന്നേരം 4.30 -നു ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്സിക്യൂട്ടീവുമായ എച്ച്.ആര്‍. ഷാ മുഖ്യാതിഥിയായിരിക്കും.

സൌത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ പര്‍വീണ്‍ ചോപ്രാ (പ്രസിഡന്റ്), കോളമിസ്റും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്ററുമായ കോരസണ്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), കോളമിസ്റും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനില്‍ മാത്യു (ട്രഷറര്‍), സിറിയക് സ്കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേല്‍ (വൈസ്പ്രസിഡന്റ്), മിനി നായര്‍ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടില്‍ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആന്‍ മാത്യു (ജോയിന്റ് ട്രഷറര്‍), ജയ്സണ്‍ മാത്യു (പിആര്‍ഒ) എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേല്‍ക്കും.

ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. വൈസ് ചെയര്‍പേഴ്സണ്‍ വിനീത നായര്‍ ഭാരവാഹികളെ പരിചയപ്പെടുത്തും.

ഇന്ത്യന്‍ പനോരമയുടെ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ, അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ, അഡ്ഫോഴ്സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൌധരി തുടങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികള്‍ ആശംസകള്‍ നേരും.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ ഈ വര്‍ഷത്തെ സത്കര്‍മ്മ അവാര്‍ഡ് കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ മുരുകന്‍ തെരുവോരത്തിനു പ്രഖ്യാപിക്കും. മുരുകന്റെ സാമൂഹ്യ സേവനങ്ങളെ അരുണ്‍ ഹരി പരിചയപ്പെടുത്തും. പ്രസ്ക്ളബ് അംഗങ്ങള്‍ക്കായി തയാറാക്കിയ ഔദ്യോഗിക ബാഡ്ജുകള്‍ യോഗത്തില്‍ വിതരണം ചെയ്യും. തുടര്‍ന്നു ഡിന്നര്‍. രാത്രി ഒന്‍പതോടെ ചടങ്ങുകള്‍ സമാപിക്കും.

വടക്കേ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന് അമേരിക്കയിലും കാനഡയിലുമായി ആറു ചാപ്റ്ററുകള്‍ പ്രഖ്യാപിച്ചു. ക്ളബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും അവസരങ്ങള്‍ ലഭ്യമാക്കുകയും പ്രവര്‍ത്തകരുടെ ക്ഷേമവുമാണ് ഐഎപിസിയുടെ ലക്ഷ്യം.

റിപ്പോര്‍ട്ട്: കോരസണ്‍ വര്‍ഗീസ്