ചലച്ചിത്ര വസന്തത്തിനു തിരശീല വീണു
Sunday, February 7, 2016 8:45 AM IST
മൈസൂരു: എട്ടാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മൈസൂരുവില്‍ തിരശീല വീണു. മൈസൂരു കൊട്ടാരത്തില്‍ നടന്ന സമാപന ചടങ്ങില്‍ സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സമാപനസമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. മേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കന്നഡ സിനിമാ വിഭാഗത്തില്‍ വിദ്യ, നാനു അവനല്ല അവളു, പുട്ടതി രുഗിസി നോഡു എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ സൈലന്‍സ് (മറാത്തി), ഐലന്‍ഡ് സിറ്റി (ഹിന്ദി), ദ ഐ (മലയാളം) എന്നീ ചിത്രങ്ങളും അവാര്‍ഡിന് അര്‍ഹമായി. ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ തിത്തി, അണ്ടര്‍ ഹെവന്‍ എന്നീ ചിത്രങ്ങള്‍ അവാര്‍ഡ് പങ്കിട്ടു. കന്നഡ സിനിമയ്ക്കുള്ള പ്രത്യേക അന്താരാഷ്ട്ര അവാര്‍ഡിന് സാലധ മഗു എന്ന ചിത്രം അര്‍ഹമായി.

സമാപനചടങ്ങില്‍ മന്ത്രിമാരായ റോഷന്‍ ബെയ്ഗ്, എം.എച്ച്. അംബരീഷ്, എച്ച്.എസ്. മഹാദേവ പ്രസാദ്, എംഎല്‍എ എം.കെ. സോമശേഖര്‍ എന്നിവരും സിനിമാ താരങ്ങളായ ജയമാല, ബി. സരോജാദേവി, ഭാരതി വിഷ്ണുവര്‍ധന്‍ തുടങ്ങിയവരും പങ്കെടുത്തു. ബംഗളൂരുവിലും മൈസൂരുവിലുമായി നടന്ന മേളയില്‍ മലയാള ചിത്രങ്ങളടക്കം 61 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.