നവോദയ സഫാമക്ക ആര്‍ട്സ് അക്കാഡമി രണ്ടാം വാര്‍ഷികം ആഘോഷിച്ചു
Sunday, February 7, 2016 11:24 AM IST
റിയാദ്: നവോദയ സഫാമക്ക ആര്‍ട്സ് അക്കാഡമിയുടെ രണ്ടാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ചു. അക്കാഡമിയിലെ വിദ്യാര്‍ഥികളുടെ അവതരണ ഗാനത്തോടെയാണു പരിപാടികള്‍ക്കു തിരശീല ഉയര്‍ന്നത്. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി.

സാംസ്കാരിക സമ്മേളനം പ്രമുഖ ചിത്രകാരന്‍ നിജാസ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അക്കാഡമിയുടെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ഷൈജു ചെമ്പൂര്‍, ജ്യോതി സതീഷ്, ദീപാ ജയകുമാര്‍, നജ്മാ പൂക്കോയ തങ്ങള്‍ എന്നിവരേയും റിയാദിലെ തട്ടകം നാടക സമിതിക്കുവേണ്ടി പ്രമോദ്, സുജിത് എന്നിവരും ആര്‍ട്സ് അക്കാഡമിയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. വൈക്കം മുഹമ്മദ് ബഷീറിന്റെ ജനപ്രിയ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ലഘുനാടകം അരങ്ങേറി. മനോജ് നാരായണന്‍ സംവിധാനം ചെയ്ത് റിയാദിലെ തട്ടകം നാടകവേദി അവതരിപ്പിച്ച 'മലയാളം കാണാന്‍ വായോ' എന്ന കുട്ടികളുടെ നാടകം മികച്ച കലാമേന്‍മയോടെ കുട്ടികള്‍ നവോദയ വേദിയിലും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ബത്ത സഫാമക്ക പോളിക്ളിനിക് കേന്ദ്രമാക്കിയാണ് ആര്‍ട്സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ചിത്ര രചനയിലും സംഗീതത്തിലും താത്പര്യമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കോഓര്‍ഡിനേറ്റര്‍ ദീപാ ജയകുമാര്‍, നവോദയ സെക്രട്ടറി അഹമ്മദ് മേലാറ്റൂര്‍, പ്രസിഡന്റ് രവീന്ദ്രന്‍, തട്ടകം റിയാദ് ചെയര്‍മാന്‍ പ്രമോദ്, മലയാളം കാണാന്‍ വായോ എന്ന നാടകത്തിന്റെ സഹസംവിധായകന്‍ സുജിത്, അക്കാദമി കണ്‍വീനര്‍ ജയകുമാര്‍, കുമ്മിള്‍ സുധീര്‍ എന്നിവര്‍ സാംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍