ഡാളസില്‍ റിപ്പബ്ളിക് ദിനാഘോഷവും അഡ്വ. ലാലി വിന്‍സെന്റിനു സ്വീകരണവും
Monday, February 8, 2016 8:06 AM IST
ഡാളസ്: ഐഎന്‍ഒസി - കേരള ടെക്സസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്റ് കിയ റസ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ റിപ്പബ്ളിക് ദിനാഘോഷവും കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റിനു സ്വീകരണവും സംഘടിപ്പിച്ചു.

ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത അഡ്വ. ലാലി വിന്‍സെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുള്ള ആരോപണങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ടത് കോടതിയിലാണെന്നും അല്ലാതെ അത് ഒരിക്കലും മാധ്യമങ്ങളില്‍ ആകരുതെന്നും ഓര്‍മിപ്പിച്ചു. മൊഴി മാറ്റി പറയുന്ന സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലാലി വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

ടെക്സസ് ചാപ്റ്ററിന്റെ സ്നേഹോപഹാരം യൂണിറ്റ് സെക്രട്ടറി ജോയി ആന്റണി, ലാലി വിന്‍സെന്റിനു സമ്മാനിച്ചു.

പല്ലവി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഡിന്നറും പരിപാടിയുടെ ഭാഗമായി നടന്നു.

ഐഎന്‍ഒസി റീജണ്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, ജോ. സെക്രട്ടറി പി.പി. ചെറിയാന്‍, ട്രഷറര്‍ പ്രദീപ് നാഗത്തൂലില്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, വേള്‍ഡ് മലയാളി ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ഫിലിപ്പ് തോമസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: രാജു തരകന്‍