ചലച്ചിത്രമേള ബര്‍ലിനാലെ വ്യാഴാഴ്ച തുടങ്ങും
Tuesday, February 9, 2016 10:04 AM IST
ബെര്‍ലിന്‍: യൂറോപ്പില്‍ ഈ വര്‍ഷത്തെ ആദ്യ പ്രമുഖ ചലച്ചിത്രോത്സവത്തിനു വ്യാഴാഴ്ച കൊടിയേറും. അറുപത്താറാമത് ബര്‍ലിനാലെയെ സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

ബര്‍ലിനാലെയിലെ സ്ഥിരം സാന്നിധ്യമായ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ളൂണിയും ഇത്തവണയും എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്ര ഹെയ്ല്‍ സീസര്‍ ആയിരിക്കും മേളയിലെ ഉദ്ഘാടന ചിത്രം.

ഹോളിവുഡില്‍നിന്നു തന്നെയുള്ള പ്രമുഖ മെറില്‍ സ്ട്രീപ്പ് ഇക്കുറി ആദ്യമായി ജൂറി അംഗത്വവും ഏറ്റെടുക്കുന്നു. ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനു ഇക്കുറി പതിനെട്ട് ചിത്രങ്ങളാണ് മത്സരിക്കുന്നത്.

ഇതിനിടെ യുഎസ് ചലച്ചിത്രമേഖലയില്‍നിന്നുള്ള സ്പൈക്ക് ലീ, മൈക്കല്‍ മൂര്‍ എന്നിവരുടെ പത്രസമ്മേളനങ്ങളും ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച തിരി തെളിയുന്ന മേളയ്ക്ക് ഫെബ്രുവരി 21നു തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍