ബിനോയ് തോമസിന് എന്‍സിഎഐഎയുടെ ഔട്ട്സ്റാന്‍ഡിംഗ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്
Tuesday, February 9, 2016 10:04 AM IST
വാഷിംഗ്ടണ്‍ ഡിസി: പ്രമുഖ ഇന്ത്യന്‍ സംഘടനയായ നാഷണല്‍ കൌണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് ബിനോയ് തോമസിന് ഔട്ട്സ്റാന്‍ഡിംഗ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ഗ്രീന്‍ ബെല്‍റ്റ്, മേരിലാന്‍ഡില്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റിപ്പബ്ളിക്ക് ഡേ പരിപാടിയില്‍ യുഎസ് കോണ്‍ഗ്രസ്മാന്‍ ക്രിസ് വാന്‍ ഹോളെന്റെ പത്നിയും മേരിലാന്‍ഡില്‍നിന്നു യുഎസ് സെനറ്റിലേക്കു മത്സരിക്കുന്ന കാതറിന്‍ വാന്‍ ഹോളെനാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനു നല്‍കിയ നേതൃത്വത്തിനും അവരുടെ താത്പര്യങ്ങള്‍ക്ക് നല്‍കിയ പിന്‍തുണയ്ക്കും ശിപാര്‍ശകള്‍ക്കുമാണ് അവാര്‍ഡ്.

ഏകദേശം നാല്പതോളം അംഗസംഘടനകളുണ്ട് എന്‍സിഎഐഎയ്ക്ക്.

എന്‍സിഎഐഎ ചെയര്‍മാന്‍ ഹര്‍ സ്വരൂപ് സിംഗ്, ബിനോയ് തോമസ് 2010-12 കാലഘട്ടത്തില്‍ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നപ്പോള്‍, അദ്ദേഹം സംഘടനയ്ക്കു വേണ്ടിയും ഇന്ത്യന്‍ സമൂഹത്തിനുവേണ്ടിയും ചെയ്ത കാര്യങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ഈ ആദരവിലൂടെ താന്‍ അങ്ങേയറ്റം കൃതാര്‍ഥനായി, എന്നു മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണില്‍നിന്നുള്ള നീലിമ മെഹറെയേയും തദവരത്തില്‍ ആദരിച്ചു.

കേരളത്തില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ബിനോയ് ഇപ്പോള്‍ എന്‍വയണ്‍മെന്റല്‍ ജസ്റീസ് ആന്‍ഡ് സസ്റൈനബിള്‍ കമ്യൂണിറ്റീസ് കമ്മീഷന്റെയും ചില്‍ഡ്രന്‍സ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അഡ്വൈസറി കണ്‍സിലിന്റെയും കമ്മീഷണറാണ്.

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) 2012-14 കാലഘട്ടത്തിലെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. 2014ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റീസില്‍ ചേരുന്നതിനു മുമ്പ്, 20 വര്‍ഷത്തോളം ഡിസി ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്