'മഞ്ച്' പുനഃസംഘടിപ്പിച്ചു; സജിമോന്‍ ആന്റണി പ്രസിഡന്റ്, സുജ ജോസ് സെക്രട്ടറി
Wednesday, February 10, 2016 7:09 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) രണ്ടാമത് ഭരണസമിതി പ്രസിഡന്റായി സജിമോന്‍ ആന്റണിയെ തെരഞ്ഞെടുത്തു. ഡോ. സുജ ജോസ് ആണ് സെക്രട്ടറി. ഉമ്മന്‍ ചാക്കോ (അനില്‍) - വൈസ് പ്രസിഡന്റ്, പിന്റോ കണ്ണമ്പള്ളി - ട്രഷറര്‍, മഞ്ജു ബിനു പുളിക്കല്‍ - ജോയിന്റ് ട്രഷറര്‍, രഞ്ജിത് പിള്ള - ജോയിന്റ് സെക്രട്ടറി എന്നിവരാണു മറ്റു ഭാരവാഹികള്‍. കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലം മഞ്ചിനെ നയിച്ച ഷാജി വര്‍ഗീസിനെ ബോര്‍ഡ് ഓഫ് ട്രസ്റിയായും ചെയര്‍മാനായും തെരഞ്ഞെടുത്തു.

ജനുവരി പത്തിനു ന്യൂജേഴ്സിയിലെ ഈസ്റ് ഹാനോവറിലെ ടിഫിന്‍ റസ്ററന്റില്‍ നടന്ന പൊതുയോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. മഞ്ചിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന സജിമോന്‍ ആന്റണി പൊതുപ്രവര്‍ത്തകനും മാനേജ്മെന്റ് ഫിനാന്‍സ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ്. അമേരിക്കയിലെ പ്രമുഖ ചാരിറ്റബിള്‍ സംഘടനയായ ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൌണ്േടഷന്റെ മുന്‍ പ്രസിഡന്റായിരുന്ന സജിമോന്‍ 2009-2010 കാലത്ത് ഫൌണ്േടഷന്റെ പ്രസിഡന്റായും 2013-2014 കാലത്ത് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് എന്‍ജെയുടെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു. 2012-ല്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) രൂപം നല്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സജിമോന്‍ മികവുറ്റ വാഗ്മിയാണ്. സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ മഞ്ചിനെ ഉന്നത തലങ്ങളിലേക്കു നയിക്കാന്‍ സജിമോന്‍ ആന്റണിയുടെ നേതൃപാടവും സഹായകരമാകും എന്നതില്‍ സംശയമില്ല. 2005-ല്‍ നൊവാട്ടീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഗ്ളോബല്‍ ലീഡറായി അമേരിക്കയില്‍ നിയമനം ലഭിച്ച സജിമോന്‍ രണ്ടുവര്‍ഷത്തെ മാനേജ്മെന്റ് സേവനത്തിനുശേഷം ജോലിയില്‍നിന്ന് രാജിവച്ച് ഫിനാന്‍സ് മേഖലയിലേക്കു പ്രവര്‍ത്തനരംഗം മാറ്റുകയായിരുന്നു. നൊവാട്ടീസില്‍ ഗ്ളോബല്‍ ലീഡറായി അന്താരാഷ്ട്ര തലത്തില്‍ നിയമിതരായ എട്ടുപേരില്‍ ഒരാളായിരുന്നു സജിമോന്‍. ഇതില്‍ ഇന്ത്യയില്‍നിന്ന് രണ്ട് പേര്‍ മാത്രമാണുണ്ടായിരുന്നത്. നൊവാട്ടീസ് വിട്ടശേഷം ഫിനാന്‍സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തനം ആരംഭിച്ച സജിമോന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, 401-കെ, ഐആര്‍എ ഇന്‍വെസ്റ്മെന്റ് തുടങ്ങിയവയുടെ സ്പെഷലിസ്റാണ്. റിയല്‍ എസ്റേറ്റ് മേഖലയിലും മികവ് തെളിയിച്ചു. അനേകം അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. മോറീസ് ടൌണ്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സ് എഡ്യൂക്കേറ്ററായ ഷീനയാണു ഭാര്യ. മക്കള്‍: ഈവ, എവിന്‍, ഈത്തന്‍.

മഞ്ച് ജനറല്‍ സെക്രട്ടറിയായി നിയമിതയായ ഡോ സുജ ജോസ് ന്യൂജേഴ്സിയിലെ കലാ-സാംസ്കാരിക, സാമൂഹിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഫൊക്കാന ന്യൂജേഴ്സി റീജണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ കൂടിയായ സുജ വേള്‍ഡ് ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ള്യൂസിഒ) സെക്രട്ടറി, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സ്റാറ്റന്‍ ഐലന്‍ഡ്, എംഎം.എസ് സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. സ്റാറ്റന്‍ ഐലന്റില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് പള്ളി സണ്‍ഡേസ്കൂള്‍ പ്രിന്‍സിപ്പല്‍, മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മഞ്ചിന്റെ സ്ഥാപക നേതാവ് കൂടിയായ സുജ 2012 മുതല്‍ അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്നു. കൂടാതെ അമേരിക്കയില്‍ ടെലിവിഷന്‍ രംഗ്ത്ത ആങ്കര്‍ ആയും പ്രവര്‍ത്തിച്ചുണ്ട്. ഫിസിയോ തെറാപ്പിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സുജ ഹെല്‍ത്ത് ഫെസ്റ് ഫിസിക്കല്‍ തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ ആണ്. ഭര്‍ത്താവ് ജോസ് കെ. ജോയി. മക്കള്‍ ഷെറിന്‍ ജോയി, ജസ്റിന്‍ ജോയി, ജോസഫ് ജോയി.

മഞ്ചിന്റെ വൈസ് പ്രസിഡന്റായി നിയമിതനായ അനില്‍ ഉമ്മന്‍ കലാ-സാമൂഹിക, സാംസ്കാരിക രംഗത്ത് തനതായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ്. മഞ്ചിന്റെ സ്ഥാപക നേതാവും മുന്‍ സെക്രട്ടറിയുമായിരുന്ന അനില്‍ അമേരിക്കയിലെ ഒരു പ്രമുഖ ഐടി കമ്പനിയിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. അമേരിക്കയില്‍ 20 വര്‍ഷം മുമ്പ് എത്തിയ അനില്‍ വിവിധ സാംസ്കാരിക സംഘടനകളില്‍ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ മഞ്ജു ചാക്കോ. മക്കള്‍: ജോഷ് ചാക്കോ, ജോനാഥന്‍ ചാക്കോ, ജൂലിയ ചാക്കോ.

മഞ്ച് ട്രഷറര്‍ ആയി നിയമിതനായ പിന്റോ കണ്ണമ്പള്ളി കലാ -സാംസ്കാരികരംഗത്തും വിവര സാങ്കേതിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പിന്റോ, 2014- 2015 വര്‍ഷത്തില്‍ സംഘടനയുടെ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. ബ്ളൂംഫീല്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്ന പിന്റോ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ടെക്നിക്കല്‍ പ്രോജക്ട് മാനേജര്‍ കൂടിയായ പിന്റോ മോണ്ട്ക്ളേയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നു മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റത്തില്‍ മാസ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ രാജലക്ഷ്മിയാണു ഭാര്യ. മകന്‍: ദേവ് പിന്റോ.

ജോയിന്റ് സെക്രട്ടറിയായി നിയമിതയായ മഞ്ജു ബിനു പുളിക്കല്‍ മികവുറ്റ കലാകാരിയും പ്രസംഗകയുമാണ്. സ്കൂള്‍ കലോത്സവവേദികളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന മഞ്ജു ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൌണ്േടഷന്റെ ഭരണസമിതി അംഗമായും പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് പള്ളി വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോറീസ് ടൌണ്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സ് അനസ്ത്തെറ്റിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന മഞ്ജു കാലക്കട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍നിന്നും ബിഎസ്സി നഴ്സിംഗും ന്യൂവാര്‍ക്ക് യുഎംഡിഎന്‍ജെ (റഡ്ഗേഴ്സ്) യില്‍നിന്നും അനസ്തേഷ്യോളജിയില്‍ എംഎസ്എന്‍ നേടിയിട്ടുണ്ട്. കെപിഎംജിയില്‍ ഐടി മാനേജര്‍ ബിനു പുളിക്കല്‍ ആണു ഭര്‍ത്താവ്. മക്കള്‍: കെവിന്‍, കെയ്റ്റ്ലിന്‍, കെയ്ഡന്‍.

ജോയിന്റ് സെക്രട്ടറിയായി നിയമിതനായ രഞ്ജിത് പിള്ള ഐടി മേഖലയില്‍ 21 വര്‍ഷം പ്രവര്‍ത്തന മികവ് തെളിയിച്ച വ്യക്തിയാണ്. മാവേലിക്കര സ്വദേശിയായ രഞ്ജിത് റുഥര്‍ഫോഡിലാണ് ഇപ്പോള്‍ താമസം. ഫിനാന്‍സില്‍ എംബിഎ കരസ്ഥമാക്കിയ ഇദ്ദേഹത്തെ റുഥര്‍ഫോഡ് സിവില്‍ റൈറ്റ്സ് കമ്മീഷന്‍ അംഗമായി അടുത്തയിടെ റുഥര്‍ഫോഡ് മേയര്‍ നിയമിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഫ്രാന്‍സിസ് തടത്തില്‍