കാന്‍ബറയില്‍ മലയാള പഠനപരിപാടി ശ്രദ്ധേയമാവുന്നു
Wednesday, February 10, 2016 7:26 AM IST
കാന്‍ബറ: ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളിലെ പുതുതലമുറയെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുന്നതിനും കേരളീയരുടെ തനതു പാരമ്പര്യവും സംസ്കാരവും മനസിലാക്കി കൊടുക്കുന്നതിനുമായി തുടങ്ങിയ മലയാളം പഠന പരിപാടി ശ്രദ്ധേയമാവുന്നു.

സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ യാരാലമ്ള സെന്റ് പീറ്റേഴ്സ് ചന്നെല്‍സ് പള്ളി ഹാളില്‍ ആണ് ക്ളാസുകള്‍. നൂറോളം വിദ്യാര്‍ഥികള്‍ ക്ളാസുകളില്‍ പങ്കെടുക്കുന്നു.

വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു ആധുനിക സാങ്കേതിക വിദ്യകളും തനതു പഠന മാര്‍ഗങ്ങളും ഉപയോഗിച്ച് നടത്തി വരുന്ന പരിശീലന പരിപാടി ഏറെ പ്രയോജനപ്രദമാണ്. വിദേശ സംസ്കാരത്തിനും രീതികള്‍ക്കും അടിമപ്പെട്ടുപോകാതെ ഒരു പുതിയ മലയാളി തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി നടന്നു വരുന്ന പരിശീലന പരിപാടിയെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.

സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ആനിമേറ്റര്‍ വില്‍സണ്‍ തോമസ്, ഭാരവാഹികളായ ജസ്റിന്‍ സി. ടോം (പ്രസിഡന്റ്), ആന്‍ലി റോസ് (വൈസ് പ്രസിഡന്റ്), ഫ്രാങ്ക്ലിന്‍ വില്‍സണ്‍ (സെക്രട്ടറി), നികിത തമ്പി (ജോ. സെക്രട്ടറി), പ്രിന്‍സ് സെബാസ്റ്യന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: ഫ്രാങ്ക്ലിന്‍ വില്‍സണ്‍ 0451176997.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍