പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റ് മാര്‍ച്ച് 12ന്
Wednesday, February 10, 2016 7:31 AM IST
ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) മാര്‍ച്ച് 12ന് ഉച്ചകഴിഞ്ഞ് മൂന്നിനു ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നാഷണല്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു.

'സോഷ്യല്‍ മീഡിയയുടെ സ്വാധീനം ജീവിതത്തില്‍' എന്ന വിഷയത്തെക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംഘടനാ ഭാരവാഹികളും സാംസ്കാരികസാഹിത്യ നായകരും സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രസ്ഥാനങ്ങളും വ്യക്തികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഈ ലോകം സോഷ്യല്‍ നെറ്റ്വര്‍ക്കിനെ ഭയപ്പെടുന്നുണ്േടാ? വാര്‍ത്താ വിതരണത്തിന്റെ ഉറവിടമായി സോഷ്യല്‍ മീഡിയ മാറുന്നുണ്േടാ? അവ എത്ര കണ്ടൂ വിശ്വാസ്യത നേടുന്നു? സോഷ്യല്‍ മീഡിയ നമ്മുടെ ചിന്താഗതിയെ എങ്ങനെ മാറ്റി മറിക്കുന്നു എന്നിങ്ങനെ സുപ്രധാനമായ ഒട്ടേറേ കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാകും.

ഡിബേറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഐപിസിഎന്‍എ നാഷണല്‍ വൈസ് പ്രസിഡന്റ് രാജു പള്ളത്തും നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയുമാണ്. കൂടാതെ ഐപിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ നാഷണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ദേശീയ തലത്തിലും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി നടക്കും. തുടര്‍ന്നു കലാപരിപാടികളും ഡിന്നറും നടക്കും.