നജഫ്ഗഡ് ക്ഷേത്രത്തില്‍ വലിയ പൊങ്കാലയും ഭൂമി പൂജയും ഫെബ്രുവരി 14ന്
Friday, February 12, 2016 8:24 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പതിനേഴാമത് വലിയ പൊങ്കാലയും ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ഭൂമി പൂജയും ഫെബ്രുവരി 14നു (ഞായര്‍) നടക്കും.

പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന ശശികുമാര്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടികള്‍ എന്നിവര്‍ പരികര്‍മിയാകും.

പ്രഭാത പൂജകള്‍ക്കുശേഷം രാവിലെ 8.30നു ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊങ്കാല സമര്‍പ്പണ വേദിയായി സമീപത്ത് ഒരുക്കിയിരിക്കുന്ന നെല്‍ വയലിലേക്കു എഴുന്നെള്ളിക്കും. അവിടെയാണ് ഇത്തവണ പണ്ടാര അടുപ്പ് തയാറാക്കിയിരിക്കുന്നത്. തുടര്‍ന്നു ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ് പ്രസിഡന്റ് പി.ആര്‍. പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ആത്മീയ പ്രഭാഷണം നടത്തും. ഡല്‍ഹി മലയാളി അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് സി. കേശവന്‍ കുട്ടി, ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്‍ എന്നിവര്‍ സംസാരിക്കും.

അതിനുശേഷം പണ്ടാര അടുപ്പില്‍ അഗ്നി പകരും. തുടര്‍ന്നു ഭക്ത സഹസ്രങ്ങള്‍ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീ നാളങ്ങള്‍ പകരും. പൊങ്കാല അടുപ്പുകളില്‍ നിന്നുയരുന്ന ധൂമ പടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുമ്പോള്‍ ദേവീ മന്ത്രജപങ്ങള്‍ പൊങ്കാല വേദിയെ ഭക്തിസന്ദ്രമാക്കും.

ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നും 3.30നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ബാലാലയത്തില്‍ ശ്രീ ഭഗവതിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്ത് രണ്ടു നിലകളിലായി നിര്‍മിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഭൂമിപൂജ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് രാവിലെ ഒമ്പതിനു നിര്‍വഹിക്കും.

വ്രതശുദ്ധിയോടും ആത്മ സമര്‍പ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തില്‍ അടുപ്പുകൂട്ടി അരി, ശര്‍ക്കര എന്നിവ വച്ച് തിളച്ചു തൂവി പാകമാവുമ്പോള്‍ തീര്‍ഥം തളിച്ച് നിവേദ്യം ദേവീ മന്ത്ര ജപത്തോടെ അഭീഷ്ട വരപ്രദായിനിയായ ശ്രീ ഭഗവതിക്ക് സമര്‍പ്പിക്കുമ്പോള്‍ ദീര്‍ഘ സുമംഗലീത്വം, മംഗല്യ ഭാഗ്യം, ആയൂരാരോഗ്യ സമ്പത്സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കല്പം.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും ഉണ്ടാവും. തുടര്‍ന്നു തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിക്കല്‍, ഉച്ചപൂജ, ഉച്ച ദീപാരാധന, അന്നദാനം, രാവിലെ 9.30 മുതല്‍ തത്ത്വമസി വികാസ്പുരി അവതരിപ്പിക്കുന്ന ഭക്തി ഗാനാര്‍ച്ചന എന്നിവയാണ് മറ്റു പ്രധാന പരിപാടികള്‍.

പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രാങ്കണത്തിലെ കൌണ്ടറുകളില്‍ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും ഭക്തജനങ്ങള്‍ക്ക് കൈപ്പറ്റുന്നതിന് സൌകര്യം ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്‍പ്പണത്തിനുള്ള സാധന സാമഗ്രികള്‍ ക്ഷേത്രത്തിലെ കൌണ്ടറില്‍ നിന്നും ലഭിക്കും. പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്കായി അന്നദാനത്തിനു പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് സംഘാടകര്‍ യാത്രാ സൌകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് 9811219540, 9650421311, 9891302376.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി