ജര്‍മനിയില്‍ കാഷ് പേയ്മെന്റിനു നിയന്ത്രണം വരുന്നു; പൌരന്മാര്‍ക്ക് ആശങ്ക
Saturday, February 13, 2016 10:31 AM IST
ബെര്‍ലിന്‍: വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും പ്രതിഫലം പണമായി നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനം പൌരന്‍മാര്‍ക്ക് ആശങ്കയ്ക്കു കാരണമാകുന്നു.

അയ്യായിരം യൂറോയില്‍ കൂടുതലുള്ള പേയ്മെന്റുകള്‍ പണമായി നല്‍കാന്‍ പാടില്ലെന്നും ബാങ്ക് മുഖേനയാകണമെന്നുമാണ് നിര്‍ദേശം.

ഇറ്റലി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നേരത്തെ തന്നെ സമാന നിയന്ത്രണങ്ങള്‍ നിലവിലുള്ളതാണ്. കള്ളപ്പണത്തിന്റെ കൈമാറ്റം കുറയ്ക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍, യാഥാസ്ഥിതിക രീതിയില്‍നിന്നു മാറാന്‍ ജര്‍മനി അല്‍പ്പം വൈകി. തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമൊക്കെ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതു തടയാന്‍ ഈ നിയന്ത്രണത്തിലൂടെ സാധിക്കുമെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍