ബംഗളൂരു: കര്‍ണാടകയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാനപരം. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കിയിരുന്നത്. ബംഗളൂരുവിലെ ഹെബ്ബാള്‍, ബിദാര്‍, റായ്ച്ചുരിലെ ദേവദുര്‍ഗ എന്നീ മണ്ഡലങ്ങളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ 15 ജില്ലാ പഞ്ചായത്തുകളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നു. എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ് മൂന്നു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, രാമനഗരം, ചിത്രദുര്‍ഗ, ദാവന്‍ഗരെ, കോലാര്‍, ചിക്കബല്ലാപുര്‍, ശിവമോഗ, തുമകുരു, ബലാഗവി, ഹാവേരി, ബാഗല്‍കോട്ട്, ഉത്തരകന്നഡ, ഗദാഗ് എന്നീ ജില്ലകളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
ഇവിടങ്ങളിലെ 552 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കും 1945 താലൂക്ക് പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഈമാസം 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
മൂന്നു മണ്ഡലങ്ങളില്‍ നിന്നുമായി എണ്ണൂറോളം ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരുന്നത്. അയ്യായിരം ജീവനക്കാരെയും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്നു. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു. സംസ്ഥാന പോലീസ് സേനയ്ക്കു പുറമേ സിആര്‍പിഎഫും കേന്ദ്ര പോലീസ് സേനയും സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടിരുന്നു.
ഹെബ്ബാള്‍ മണ്ഡലത്തില്‍ ബിജെപിയും ബിദാറില്‍ കര്‍ണാടക ജനതാ പാര്‍ട്ടിയും ദേവദുര്‍ഗയില്‍ കോണ്‍ഗ്രസുമാണ് നേരത്തെ വിജയിച്ചിരുന്നത്.