ടാക്സി കാറുകള്‍ക്ക് നിയന്ത്രണം വരുന്നു
Thursday, February 18, 2016 7:53 AM IST
ബംഗളൂരു: നഗരത്തിലെ ടാക്സി കാബുകള്‍ കേന്ദ്രീകരിച്ച് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടാക്സികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറെടുക്കുന്നു. യാത്രക്കാരുടെ സുരക്ഷ, യാത്രക്കൂലിയിലെ ഏകീകരണം എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഡ്രൈവറുടെ ഫോട്ടോ, പേര്, ലൈസന്‍സ്, ഐഡി കാര്‍ഡ് നമ്പര്‍, ബാഡ്ജ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ ബോര്‍ഡ് യാത്രക്കാര്‍ക്കു കാണത്തക്ക വിധത്തില്‍ വാഹനത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഡ്രൈവറുടെ അനുമതി കൂടാതെ യാത്രക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അപകട സൈറണ്‍ സ്വിച്ചുകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്നുംപുതിയ നിര്‍ദേശത്തില്‍ പറയുന്നു.

ടാക്സി കാറുകള്‍ക്കു മുകളില്‍ മഞ്ഞ ബോര്‍ഡില്‍ ടാക്സി എന്ന് രേഖപ്പെടുത്തിയിരിക്കണം. ഡ്രൈവര്‍മാര്‍ക്ക് കന്നഡ സംസാരിക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയമുണ്ടായിരിക്കണം. അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് താമസിക്കുന്നവരായിരിക്കണമെന്നും നിബന്ധനയുണ്ട്. യാത്ര പുറപ്പെടുന്നതിനു മുമ്പ് ഡ്രൈവറുടെ ഫോട്ടോ, വാഹന രജിസ്റ്റര്‍ നമ്പര്‍ എന്നിവ യാത്രക്കാരുടെ മൊബൈല്‍ നമ്പരിലേക്ക് അയയ്ക്കണം, പരാതികളടക്കമുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ സൂക്ഷിക്കണം. ആറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടാക്സിക്കായി ഉപയോഗിക്കരുത്. മദ്യപിച്ച് വാഹനമോടിച്ചതിനു ശിക്ഷിക്കപ്പെട്ടവര്‍ക്കും തട്ടിപ്പുകേസ്, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ പ്രതികളായവര്‍ക്കും ടാക്സി ഓടിക്കാന്‍ അനുമതി നല്കില്ലെന്നും പുതിയ നിബന്ധനകളില്‍ പറയുന്നു.

പുതിയ നിര്‍ദേശങ്ങളില്‍ എതിര്‍പ്പുള്ളവര്‍ക്കും നിര്‍ദേശങ്ങളുള്ളവര്‍ക്കും ഒരു മാസത്തിനുള്ളില്‍ ഇവ അറിയിക്കാന്‍ അവസരമുണ്ട്. പൊതുനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചിട്ടായിരിക്കും പുതിയ നിയമം നടപ്പാക്കുക.