സൈനികവിരുദ്ധ പരാമര്‍ശം: നിത്യാനന്ദയ്ക്കെതിരേ പ്രതിഷേധം
Wednesday, February 24, 2016 10:20 AM IST
ബംഗളൂരു: സൈനികര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ സ്വാമി നിത്യാനന്ദയ്ക്കെതിരേ പ്രതിഷേധമുയരുന്നു. യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരുടെ മരണം ആത്മഹത്യാപരമാണെന്നാണ് സ്വാമി പറഞ്ഞത്. സംഭവം ടിവി ചാനലുകള്‍ വലിയ വാര്‍ത്തയാക്കിയതോടെ നിത്യാനന്ദയ്ക്കെതിരേ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. നിത്യാനന്ദയെ സംസ്ഥാനത്തു നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ബംഗളൂരുവില്‍ ഒരു ആത്മീയ പ്രഭാഷണത്തിനിടെയാണ് സ്വാമി നിത്യാനന്ദ വിവാദ പരാമര്‍ശം നടത്തിയത്. സൈനികര്‍ യുദ്ധത്തില്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണ്, അതുപോലെ തന്നെ അവര്‍ കൊല്ലപ്പെടുന്നത് ആത്മഹത്യയ്ക്കു തുല്യവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവം വലിയ വിവാദമായതിനു പിന്നാലെ പറഞ്ഞതു തിരുത്തി നിത്യാനന്ദ വീണ്ടും രംഗത്തെത്തി. തനിക്കു സൈനികരോടു ബഹുമാനമാണെന്നും രാജ്യം സുരക്ഷിതമായിരിക്കുന്നത് സൈനികര്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.