കര്‍ണാടക ആര്‍ടിസി സ്റാന്‍ഡുകളില്‍ സിസിടിവി കാമറകള്‍
Thursday, February 25, 2016 7:12 AM IST
ബംഗളൂരു: സംസ്ഥാനത്തെ കര്‍ണാടക ആര്‍ടിസി ബസ് സ്റാന്‍ഡുകള്‍ ഇനി സിസിടിവി നിരീക്ഷണത്തില്‍. ആര്‍ടിസിയുടെ 15 ഡിവിഷനുകള്‍ക്കു കീഴിലെ സ്റാന്‍ഡുകളിലും ഡിപ്പോകളിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്.

ബംഗളൂരു, തുമകുരു, ഹാസന്‍, കോലാര്‍, ദാവന്‍ഗെരെ, മംഗളൂരു, മാണ്ഡ്യ, മൈസൂരു ഉള്‍പ്പെടെയുള്ള ഡിവിഷനുകളില്‍ ഘട്ടംഘട്ടമായാണ് സിസിടിവി സ്ഥാപിക്കുന്നത്. ഇതിനായി 358 കാമറകള്‍ക്കുള്ള അപേക്ഷ ആര്‍ടിസിക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടത്തില്‍ 76 കാമറകള്‍ സ്ഥാപിക്കുന്നതിന് അംഗീകാരം നല്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ബസ് സ്റാന്‍ഡുകളില്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്.

സ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 11 കാമറകളുള്ള കെംപഗൌഡ ബസ് സ്റേഷനില്‍ അധികമായി നാലു കാമറകള്‍ കൂടി സ്ഥാപിക്കും.

രാമനഗര, പുത്തൂര്‍, ഹാസന്‍ എന്നിവിടങ്ങളിലെ സ്റാന്‍ഡുകളില്‍ എട്ടു കാമറകള്‍ വീതവും മാണ്ഡ്യയില്‍ ഏഴു കാമറകളും സ്ഥാപിക്കും.

ഡിപ്പോകളിലും കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം ജീവനക്കാരെ നിരീക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഇത്.