ഡിഎംഎ ഒഎന്‍വിക്ക് പ്രണാമമര്‍പ്പിച്ച് 'ഓര്‍മകളില്‍ ഒഎന്‍വി' 27ന്
Friday, February 26, 2016 10:15 AM IST
ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പിന് ഡല്‍ഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27നു (ശനി) വൈകുന്നേരം അഞ്ചിന് ആര്‍കെ പുരത്തുള്ള ഡിഎംഎ സെന്ററില്‍ 'ഓര്‍മകളില്‍ ഒഎന്‍വി' എന്ന പരിപാടിയില്‍ പ്രണാമം അര്‍പ്പിക്കുന്നു

അന്തരിച്ച പിന്നണിഗായികയും സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സന്‍, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, സംഗീത സംവിധായകന്‍ രാജാമണി, കഥാകാരനും പംക്തി രചയിതാവുമായ അക്ബര്‍ കക്കാട്ടില്‍, നടി കല്‍പ്പന എന്നിവരെയും സ്മരിക്കുന്നു.

പ്രസിഡന്റ് സി. കേശവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇഗ്നോ യൂണിവേഴ്സിറ്റി, സെന്റര്‍ ഫോര്‍ എക്സ്റന്‍ഷന്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ചന്ദ്രശേഖരന്‍ നായര്‍, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ് എന്നിവര്‍ പങ്കെടുക്കും. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ എ. മുരളീധരന്‍ ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി. മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും.

ചടങ്ങില്‍ ഡിഎംഎയുടെ വിവിധ ഏരിയകളിലെ കുട്ടികളും മുതിര്‍ന്നവരും ഒഎന്‍വിയുടെ കവിതകളും ഗാനങ്ങളും അനുസ്മരണ യോഗത്തില്‍ ആലപിക്കും.

ഒഎന്‍വിയെയും മറ്റു കലാകാരന്മാരെയും ഓര്‍മിക്കുന്ന ചടങ്ങില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളും ഡിഎംഎ കുടുംബങ്ങളും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ വിനോദിനി ഹരിദാസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി