തെരഞ്ഞെടുപ്പ്: മുഖം മാറാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍
Tuesday, March 1, 2016 5:10 AM IST
ബംഗളൂരു: ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസും ബിജെപിയും നേതൃമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ജി. പരമേശ്വര മന്ത്രിസ്ഥാനത്തെത്തിയതോടെ പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട ചുമതല കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്.

ഇതിനിടെ മന്ത്രിസഭാ പുനഃസംഘടന കൂടി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്െടന്നാണ് സൂചന. മാര്‍ച്ച് 18നാണ് നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

ഇതിനു മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടനയും പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത.

വൊക്കലിംഗ നേതാക്കളായ ഡി.കെ. ശിവകുമാര്‍, കൃഷ്ണബൈരഗൌഡ എന്നിവരെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ലിംഗായത്ത് നേതാക്കളുടെ പേരും പരിഗണനയിലുണ്ട്.

അതേസമയം, ബിജെപിക്കുള്ളിലും നേതൃമാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ബി.എസ്. യെദ്യൂരപ്പയ്ക്കാണ് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ഭൂമി അഴിമതിക്കേസുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതോടെ അധ്യക്ഷസ്ഥാനത്തേക്കുള്ള തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്.

നിലവില്‍ ബിജെപി അധ്യക്ഷന്‍ പ്രഹ്ളാദ് ജോഷിയുടെ കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പദവിയില്‍ തുടരുകയാണ്.