സോമഷെട്ടിഹള്ളി ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആയിരങ്ങള്‍
Wednesday, March 2, 2016 5:54 AM IST
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടന്ന പൊങ്കാല മഹോത്സവത്തില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ ആറിന് ചടങ്ങുകള്‍ ആരംഭിച്ചു.

മഹാഗണപതിഹോമം, തുടര്‍ന്ന് കുങ്കുമം, മലര്‍, അവില്‍, അരി, നെല്ല്, നിറപറ സമര്‍പ്പണം, വിവിധ അര്‍ച്ചനകള്‍, പുഷ്പാഞ്ജലി, നെയ്വിളക്ക് തുടങ്ങി വിശേഷാല്‍ പൂജകള്‍ നടന്നു.

പത്തിന് പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി ഏറ്റുവാങ്ങി ഭക്തര്‍ പൊങ്കാലയിട്ടു.

ഉച്ചയ്ക്ക് 12.15ന് പൊങ്കാല തളിക്കല്‍ നടന്നു. തുടര്‍ന്ന് ദീപാരാധനയും മഹാഅന്നദാനവും നടന്നു. ഭക്തജനങ്ങള്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനസൌകര്യമൊരുക്കിയിരുന്നു.

തന്ത്രി ദിലീപ് നമ്പൂതിരി, മേല്‍ശാന്തി കേശവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജോയിന്റ് സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണന്‍ എന്നിവരും സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു.

ക്ഷേത്ര നിര്‍വാഹകസമിതി കണ്‍വീനര്‍ പി. രാമചന്ദ്രന്‍ നായര്‍, പ്രസിഡന്റ് ടി. ദാസ്, സെക്രട്ടറി ശ്രീകുമാര്‍ കുറുപ്പ്, ഇ. ജയരാജ്, മഹിളാ വിഭാഗം സെക്രട്ടറി തങ്കമണി, ഇന്ദിര ശശി, സംഗീത ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.