നിംഹാന്‍സില്‍ സെന്റര്‍ ഫോര്‍ വെല്‍ബീയിംഗ് പ്രവര്‍ത്തനമാരംഭിച്ചു
Monday, March 7, 2016 7:34 AM IST
ബംഗളൂരു: ബംഗളൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നിംഹാന്‍സ് പൊതുസമൂഹത്തില്‍ സഹായവുമായി ഇറങ്ങി ചെല്ലുന്നതിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ വെല്‍ ബീയിംഗ് വിഭാഗം ആരംഭിച്ചു.

മാനസികവും, സാമൂഹികവുമായ ആരോഗ്യം വളര്‍ത്തുക, പ്രശ്നങ്ങളെ തടയാന്‍ സഹായിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ചതാണ് ബിടിഎം ലേഔട്ട്, ഫസ്റ് സ്റേജില്‍ സ്ഥാപിച്ചിട്ടുള്ള ഈ സെന്റര്‍.

കുടുംബ ബന്ധങ്ങളെ ദൃഢപ്പെടുത്തുക, കുട്ടികളെ ശരിയായി വളര്‍ത്തുവാന്‍ മാതാപിതാക്കന്മാരെ സഹായിക്കുക, യുവതീയുവാക്കളെ വിവാഹ ജീവിതത്തിനായി ഒരുക്കുക, ദാമ്പത്യജീവിതം മെച്ചപ്പെടുത്തുക, കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുക, കുട്ടികളുടെ പരീക്ഷ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുക, മദ്യപാനം, പുകവലി, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ ദുരുപയോഗം തടയുവാന്‍ സഹായിക്കുക, തുടങ്ങിയ സേവനങ്ങളാണ് ഈ സെന്ററില്‍ നിന്നും ലഭ്യമാകുന്നത്.

ബുധനാഴ്ചയും, വ്യാഴാഴ്ചയും നടക്കുന്ന 'അരൈക്യ' ക്ളിനിക്കിലൂടെ ഈ സേവനങ്ങള്‍ ലഭ്യമാണ്. 9480829670/ 26685948 എന്ന നമ്പറില്‍ വിളിച്ച് സന്ദര്‍ശത്തിനുളള സമയം ഉറപ്പാക്കാവുന്നതാണ്.