ഭൂരിപക്ഷമില്ല; ജില്ലാപഞ്ചായത്തുകളില്‍ദളുമായി സഖ്യത്തിന് ബിജെപി നീക്കം
Monday, March 7, 2016 7:34 AM IST
ബംഗളൂരു: ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മതിയായ ഭൂരിപക്ഷം ലഭിക്കാത്തയിടങ്ങളില്‍ ഭരണം പിടിക്കാന്‍ ജനതാദളുമായി സഖ്യം രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നു. മുപ്പതു ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണത്തിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. മൈസൂരു ജില്ലാ പഞ്ചായത്തില്‍ ബിജെപി-ജെഡിഎസ് ധാരണയ്ക്ക് തീരുമാനമായിട്ടുണ്ട്.

ബിജെപി കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൌഡ ജനതാദള്‍ നേതാവ് എച്ച്.ഡി. ദേവഗൌഡയുമായി ചര്‍ച്ച നടത്തിയിരുന്നു. വിജയപുര, റായ്ച്ചുര്‍, ശിവമോഗ എന്നിവിടങ്ങളില്‍ ദളിന്റെ പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ജനതാദളുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. പത്തു ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനും ഏഴെണ്ണത്തില്‍ ബിജെപിക്കും രണ്െടണ്ണത്തില്‍ ജെഡി-എസിനും ഭൂരിപക്ഷമുണ്ട്. അതേസമയം, ദളിന്റെ പിന്തുണയ്ക്കായി കോണ്‍ഗ്രസും നീക്കം നടത്തുന്നുണ്ട്.