ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വര്‍ധിപ്പിച്ചു
Tuesday, March 8, 2016 5:59 AM IST
ബംഗളൂരു: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജുകളിലൊന്നായ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇതുവരെ 60 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന എംബിബിഎസ് കോഴ്സിന് ഇനി മുതല്‍ 150 സീറ്റുകളില്‍ പ്രവേശനമുണ്ടാകും. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. പ്രവേശന പരീക്ഷ മേയ് 22 ന് നടക്കും. 30 സീറ്റുകള്‍ ജനറല്‍ ക്വാട്ടയില്‍ ലഭിക്കും. 10 പേര്‍ക്ക് ഇന്‍സ്റിറ്റ്യൂഷണല്‍ ക്വാട്ടയിലും വിഭിന്നശേഷി ക്വാട്ടയിലും കേന്ദ്ര സര്‍ക്കാര്‍ ക്വാട്ടയിലും ഓരോരുത്തര്‍ക്കും പ്രവേശനമുണ്ടാകും. ബാക്കിയുള്ള 108 സീറ്റുകള്‍ കത്തോലിക്കര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഇതില്‍ പിന്നാക്ക, ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി നിശ്ചിതശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും മെറിറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം ദീപികയോടു പറഞ്ഞു.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 80 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയുടെയും 20 ശതമാനം മാര്‍ക്ക് അഭിമുഖത്തിന്റേതുമാണ് പ്രവേശനത്തിനായി പരിഗണിക്കുന്നത്. അഭിമുഖത്തില്‍ മൂല്യബോധം, ഇംഗ്ളീഷ് പ്രാവീണ്യം, ആതുരസേവനത്തിലുള്ള ആഭിമുഖ്യം എന്നിവയാണ് പരിഗണിക്കുന്നത്. കത്തോലിക്കരായ അപേക്ഷകര്‍ക്ക് കത്തോലിക്കാ വിശ്വാസവും മാനദണ്ഡമാകും. രാജ്യത്ത് ആകമാനമായി 15 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ. വിശദവിവരങ്ങള്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ംംം.ഷീെേവി.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സുപ്രീം കോടതിയുടെ അംഗീകാരം വഴി ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിനും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിനും മാത്രമാണ് സ്വന്തമായി പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും വഴി മെഡിക്കല്‍ പ്രവേശനം സാധ്യമായിരിക്കുന്നത്. ഈ രണ്ടു മെഡിക്കല്‍ കോളജുകളുടെയും ഇതുവരെയുള്ള പ്രവേശനരീതിയിലെ വിശ്വാസ്യത പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം സുപ്രീം കോടതി നല്കിയിരിക്കുന്നത്.