വെല്ലുവിളികള്‍ ഏറ്റെടുത്ത് സിബിസിഐ പ്ളീനറി അസംബ്ളി
Tuesday, March 8, 2016 6:02 AM IST
ബംഗളൂരു: കോറമംഗല സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) 32-ാമത് പ്ളീനറി അസംബ്ളി അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഈ കാലഘട്ടത്തിലെ വെല്ലുവിളികളോടുള്ള ഭാരതസഭയുടെ പ്രതികരണം' എന്നതാണ് ഈ പ്ളീനറി അസംബ്ളി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍, അടിസ്ഥാന സഭാഘടകമായ കുടുംബം, സഭാവിശ്വാസത്തിലെ തടസങ്ങള്‍, സമര്‍പ്പിതജീവിതത്തിലെ വെല്ലുവിളികള്‍, പെന്തക്കോസ്ത് സഭകളുടെ പ്രഭാവം, സഭയുടെ ദൌത്യത്തിലും ജീവിതത്തിലുമുള്ള വിശ്വാസികളുടെ നിയമാനുസൃതമായ പങ്ക്, ദരിദ്രരുടെ സഭയും അവയുടെ പ്രവചനപരമായ വ്യാപ്തിയും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ളീനറി അസംബ്ളിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നായി ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായി 180-ഓളം പേരാണ് പ്ളീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിബിസിഐയുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇരുപതോളം വൈദികരും പങ്കെടുക്കുന്നുണ്ട്. കൂടാതെ, മത, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തികരംഗത്തെ വിദഗ്ധരും അസംബ്ളിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഭാരതസംസ്കാരത്തിന്റെ മുഖമുദ്രയായ നാനാത്വത്തില്‍ ഏകത്വത്തിനും ബഹുസ്വരതയ്ക്കും നേരേ ഉയരുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ളീനറി അസംബ്ളി സജീവമായി ചര്‍ച്ചചെയ്യുന്നു. മതാന്തര സംവാദത്തിനും വലിയ പ്രാധാന്യം സഭ നല്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ പ്ളീനറിയില്‍ ഹൈന്ദവ, ഇസ്ലാം മതപണ്ഡിതന്മാരായ ഡോ. മോര്‍ സദാനന്ദ്, ഡോ. ഇനാം ദാര്‍ എന്നിവരെയും ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

പ്ളീനറി അസംബ്ളിയുടെ ഉദ്ഘാടനം അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ നിര്‍വഹിച്ചു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഡൊണാള്‍ഡ് വേള്‍ മുഖ്യാതിഥിയായിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ്, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, സെന്റ് ജോണ്‍സ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ ആശങ്ക

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിലും വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിലും സഭയ്ക്ക് ആശങ്കയുണ്െടന്ന് സിബിസിഐ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ടായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചില സംഘടനകള്‍ നടത്തുന്ന ഘര്‍വാപസിയിലും സഭ ആശങ്കപ്പെടുന്നു. മതമൌലികവാദികളുടെ സമ്മര്‍ദം മൂലം രാജ്യത്തിന്റെ മതേതരത്വത്തിനു ഭീഷണിയാകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ദേശീയതയെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ജനാധിപത്യത്തിനു ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടന്നു. ഡല്‍ഹി, പശ്ചിമ ബംഗാളിലെ നദിയ, ആഗ്ര എന്നിവിടങ്ങളില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. റായ്പുരിലും റാണാഘട്ടിലും കന്യാസ്ത്രീകള്‍ക്കെതിരേയുണ്ടായ അതിക്രമത്തിലും സിബിസിഐ റിപ്പോര്‍ട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

സിറിയയിലടക്കം, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ അരങ്ങേറുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക് സ്റേറ്റിന്റെ കടന്നുകയറ്റം മൂലമുണ്ടാകുന്ന അഭയാര്‍ഥി പ്രവാഹം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ വെളിച്ചത്തില്‍ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും മനുഷ്യനടക്കമുള്ള പ്രകൃതിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നതാണ്. വന്‍കിടരാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരം മൂലം ലോകസമാധാനവും മാനവവികസനവും ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിലും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും സിബിസിഐ റിപ്പോര്‍ട്ട് ഉത്കണ്ഠ രേഖപ്പെടുത്തുന്നു. നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സ്വാതന്ത്യ്രത്തെയും അവകാശത്തെയും ചോദ്യംചെയ്യുന്നു. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന ബില്ലിന്റെ പേരില്‍ വൈദികര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. കോയമ്പത്തൂരില്‍ വൈദികനെ ആക്രമിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. അംബികാപുര്‍ രൂപതയില്‍ സ്കൂളില്‍ വൈദികനെതിരേയുണ്ടായ വ്യാജ ആരോപണങ്ങളും ആശങ്കയുളവാക്കുന്നതാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും ബാലസംരക്ഷണ നിയമവും (പോക്സോ) സിബിസിഐയുടെ പ്രഖ്യാപിത മൂല്യങ്ങളോടു ചേര്‍ന്നു നില്ക്കുന്നതാണ്. സ്വഛ് ഭാരത് അഭിയാന്‍ സാമൂഹിക അവബോധവും ആരോഗ്യപരിപാലനവും വളര്‍ത്താനുതകുന്ന സംരംഭമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വം ലോകത്തെ അമ്പരപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാര്‍പാപ്പയുടെ ഇടപെടലുകള്‍ വഴി സഭയുടെ വിശ്വാസ്യതയും അംഗീകാരവും ലോകസമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട്. സഭാന്തര സംവാദങ്ങളിലും സഭൈക്യത്തിലും ശക്തമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ലോകനേതാക്കളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. അമേരിക്ക- ക്യൂബ ബന്ധത്തിലുണ്ടായ ഉണര്‍വിലും സഭയുടെ സംഭാവനയുണ്ടായി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ശ്രീലങ്കയിലെ ഫാ. ജോസഫ് വാസിന്റെയും വിശുദ്ധനാമകരണം ഭാരതസഭയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നു. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി ഭാരതസഭ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വേണം, മതേതരസംവാദവും സഹകരണവും

രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ എല്ലാ വിഭാഗങ്ങളോടുമുള്ള സംവാദത്തിന് ഏറെ പ്രാധാന്യമുണ്െടന്ന് പ്ളീനറി സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലെ ചര്‍ച്ചകള്‍ക്കു ശേഷം വിലയിരുത്തലുണ്ടായി. പരസ്പരസഹകരണവും ആശയസംവാദവുമാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രനിര്‍മാണത്തിന് ഉപകരിക്കുകയെന്നും ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ബോംബെ സര്‍വകലാശാലയിലെ തത്വശാസ്ത്ര പ്രഫസര്‍ മീനാല്‍ ഹിന്ദു മതവിശ്വാസത്തെ അടിസ്ഥാനമാക്കി സംസാരിച്ചു. ക്രിസ്തീയതയുടെ മഹത്തായ തത്വങ്ങളായ ഉപാധികളില്ലാത്ത സ്നേഹവും മനുഷ്യരാശിയോടുള്ള പൂര്‍ണസേവനവും എടുത്തുപറഞ്ഞ അവര്‍ വേദാന്ത തത്വങ്ങളായ വസുദൈവ കുടുംബകത്തെക്കുറിച്ചു വിശദീകരിച്ചു. പലരീതിയില്‍ പ്രകടിപ്പിക്കുന്നുവെങ്കിലും ഇവയിലെല്ലാം ഒരേ സത്യമാണുള്ളതെന്നും പ്രഫ. മീനാല്‍ വ്യക്തമാക്കി.

പൂനയില്‍ നിന്നുള്ള മുസ്ലിം സംരംഭകനായ ഇനാം ദാര്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്െടന്നും അവ നേടിയെടുക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സമാധാനപരമായി ഒരുമിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകതയും ഇനാം ദാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ഫാ. മോഹന്‍ ദാസ് എസ്വിഡി ഇന്നത്തെ സഭയില്‍ സംവാദങ്ങളുടെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. ഇത്തരം സംവാദങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരമായ മതാചാരങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്. മതേതര സംവാദങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ ആദ്യം മതാന്തര സംവാദം സഭയിലുണ്ടാകണമെന്നും ഫാ. മോഹന്‍ ദാസ് പറഞ്ഞു.

ന്യൂഡല്‍ഹി വിദ്യാജ്യോതി കോളജിലെ ദൈവശാസ്ത്ര പ്രഫസര്‍ സിസ്റര്‍ ശാലിനി മുളയ്ക്കല്‍ ഇന്ത്യയിലെ ദരിദ്രരെയും പിന്നോക്കവിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പ്രതിപാദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാഹരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സിസ്റര്‍ ശാലിനി എടുത്തുപറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുംബൈയില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണന്‍ ഗിഹേണ്‍ വാസ് ഭാരതസഭ ഇന്നു നേരിടുന്ന സാമ്പത്തികപരവും വിദ്യാഭ്യാസപരവുമായ വെല്ലുവിളികളെക്കുറിച്ച് വിശകലനം നടത്തി. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ കുത്തകയുണ്െടന്നത് അവാസ്തവമാണെന്നും ഗിഹേണ്‍ വാസ് പറഞ്ഞു.

ആതുര-സാമൂഹിക സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം

സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അടക്കമുള്ള ആതുരസേവന സംവിധാനങ്ങളും കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ സേവന വിഭാഗവും മഹത്തായ സംഭാവനകളാണു രാജ്യത്തിനു നല്കുന്നതെന്ന് സിബിസിഐ മുപ്പത്തിരണ്ടാമത് പ്ളീനറി അസംബ്ളിയുടെ മൂന്നാം ദിന സമ്മേളനം വിലയിരുത്തി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ക്രൈസ്തവമൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് ജാതിമതവ്യത്യാസമില്ലാതെ പാവപ്പെട്ടവര്‍ക്കു നല്കുന്ന സേവനങ്ങള്‍ ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചു. ഒരു കുടക്കീഴില്‍ സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന ചെലവില്‍ മികച്ച ആതുരസേവനവും ഉന്നതനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും സമൂഹത്തിനു നല്കുന്നതിന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് സര്‍വസജ്ജമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ് വിഭാഗങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കു കൂടി മുന്തിയ പരിഗണന നല്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫാ. പോള്‍ പാറത്താഴം സമ്മേളനത്തില്‍ അറിയിച്ചു.

ബംഗളൂരു സെന്റ് ജോണ്‍സിനു സമാനമായി റാഞ്ചിയിലെ മന്ദറില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുകയാണെന്ന് ബിഷപ് ഡോ. തിയോഡോര്‍ മസ്കരാനസ് പ്ളീനറി അസംബ്ളിയെ അറിയിച്ചു. ഉത്തരേന്ത്യയില്‍ ഏറെ സേവനങ്ങള്‍ ചെയ്ത ഫാ. കോണ്‍സ്റ്റന്റ് ലീവന്‍സിന്റെ സ്മരണാര്‍ഥം കോണ്‍സ്റ്റന്റ് ലീവന്‍സ് അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന പേരിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിതമാകുന്നത്.

രാജ്യത്താകമാനം കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹ്യസേവനങ്ങള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫ്രെഡി ഡിസൂസ റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തി. ജമ്മു കാഷ്മീരിലെ പ്രളയബാധിതരെ സഹായിക്കുന്നതിനും സഭ നടത്തിയ സേവനങ്ങള്‍ മഹത്തരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും സമീപകാലത്തുണ്ടായ പ്രളയദുരന്തത്തിലും സഭ ക്രിയാത്മകമായ സഹായം നല്കുകയുണ്ടായി. നേപ്പാളിലെ ഭൂകമ്പബാധിതരായ ജനങ്ങളെ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് നിരവധി സാമൂഹിക,ആരോഗ്യ,വികസന പദ്ധതികളാണ് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മലേറിയ നിര്‍മാര്‍ജനം, ജൈവകൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ആദിവാസികളുടെയും ഗോത്രസമൂഹങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള സഹായങ്ങള്‍ എന്നിവ സുപ്രധാന പദ്ധതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ദൈവിക മൂല്യങ്ങളില്‍ കുടുംബങ്ങളുടെ വളര്‍ച്ച

ബംഗളൂരു: ഇന്നത്തെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള സഭയുടെ ആശങ്കകളും നിരീക്ഷണങ്ങളുമാണ് ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ പ്ളീനറി സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ പങ്കുവച്ചത്. കുടുംബങ്ങളെ ദൈവികമൂല്യങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് സഭയുടെ പാവനമായ കടമയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കരുണയുടെ വര്‍ഷത്തില്‍ ഈശോയുടെ കാരുണ്യമുഖം ലോകത്തിനു കാട്ടിക്കൊടുക്കാന്‍ തക്കവിധം പുതിയ അജപരിപാലന പദ്ധതികളും കാഴ ്ചപ്പാടുകളും രൂപപ്പെടുത്തിയെടുക്കണം. കുടുംബന്ധങ്ങളെ ശക്തിപ്പെടുത്താനും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ഇതുവഴി സഭയ്ക്ക് അവസരം കൈവന്നിരിക്കുകയാണ്. വിവിധ പ്രശ്നങ്ങളില്‍ ഉഴലുന്ന സഹോദരീസഹോദരന്മാരെ പരിഗണിക്കുന്നതിനും അവരുടെ മനസിലെ മുറിവുണക്കുന്നതിനുമുള്ള സമയമാണ് സഭയ്ക്കു കൈവന്നിരിക്കുന്നതെന്നും ഡോ. സാല്‍വത്തോറെ പെനാക്കിയോ പറഞ്ഞു.

അടിസ്ഥാന സഭാഘടകമായ കുടുംബങ്ങളിലൂടെ മാതാപിതാക്കള്‍ മക്കളിലേക്ക് വിശ്വാസം കൈമാറുകയാണ്. എന്നാല്‍ ഇന്ന് കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്നു. വിവാഹബന്ധങ്ങള്‍ വിവാഹമോചനങ്ങളിലെത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കുടുംബങ്ങളെ സഭ അതിന്റെ വിശുദ്ധിയില്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രത്യേക അജപാലന പദ്ധതികള്‍ തയാറാക്കാന്‍ സിബിസിഐയുടെ പ്ളീനറി മുന്‍കൈയെടുക്കണമെന്നും ഡോ.സാല്‍വത്തോറെ പെനാക്കിയോ പറഞ്ഞു. സമര്‍പ്പിത ജീവിതവും ഇന്നിന്റെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സമര്‍പ്പിതജീവിതത്തിലെ ആത്മീയതയുടെ അപര്യാപ്തത ആഗോളവ്യാപകമായി കണ്ടുവരുന്നു. ഇതിന് രൂപതകളും അവയുടെ അജപാലന ദൌത്യങ്ങളുമായി പരസ്പരബന്ധിത ശൃംഖലകളുണ്ടാകണമെന്നും ഡോ.സാല്‍വത്തോറെ പെനാക്കിയോ കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികളോട് പ്രതികരിക്കുന്ന സഭ

ബംഗളൂരു: ഇന്നത്തെ സാഹചര്യത്തില്‍ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വിശദീകരിച്ചു. കാലത്തിന്റെയും സമയത്തിന്റെയും ആവശ്യങ്ങളെക്കുറിച്ച് സഭ ബോധവതിയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശ്വാസിസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്കാനും സഭയ്ക്കു കഴിയണം. രാജ്യത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സംഭവവികാസങ്ങള്‍, കുടുംബങ്ങളുടെ അവസ്ഥ, വിശ്വാസജീവിതത്തിലെ വെല്ലുവിളികള്‍, ദരിദ്രരോടുള്ള സഭയുടെ മനോഭാവം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യങ്ങളോടു പ്രതികരിക്കേണ്ട കടമ സഭയ്ക്കുണ്ട്. അങ്ങനെ ജീവിക്കുന്ന ദൈവത്തിന്റെ മുഖം രാജ്യത്തിനും ലോകത്തിനു മുഴുവന്‍ കാണിച്ചുകൊടുക്കാനും നമുക്കു കഴിയും.

സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളോടു പ്രതികരിക്കുന്നതിനൊപ്പം സഭാസമൂഹത്തിലെ ദളിതരോടും പിന്നോക്ക വിഭാഗങ്ങളോടുമുള്ള അനുകമ്പ കൂടുതലായി അറിയിക്കുകയാണെന്നും മാര്‍ ക്ളീമിസ് ബാവ പറഞ്ഞു.

മതമൌലികവാദികളുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്നുവെന്നും ഘര്‍ വാപസി പോലുള്ള പ്രചാരണങ്ങളും സ്വതന്ത്രചിന്തകര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളും ഈ മതേതരസ്വഭാവത്തിന് വിള്ളല്‍ വീഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായും മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.