ജീവനേക്കാള്‍ ശ്രേഷ്ഠമായത്
Thursday, March 10, 2016 6:48 AM IST
ഫാ. ബിനീഷ് മാങ്കുന്നേല്‍ സിഎസ്ടി (അസിസ്റന്റ് ഡയറക്ടര്‍, റിന്യൂവല്‍ റിട്രീറ്റ് സെന്റര്‍ ബംഗളൂരു)

ജീവനേക്കാള്‍ വിശ്വാസത്തിനു വിലനല്കിയ, മനമിടറാതെ മനസാക്ഷിയുടെ സ്വരത്തിനു കാതോര്‍ത്ത അനേകം ധീരാത്മാക്കളെ വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. സ്വന്തം രക്തം കൊണ്ട് വിശ്വാസജീവിതം അരക്കിട്ടുറപ്പിച്ച ധീരാത്മാക്കളില്‍ ഏലിയാസറിന്റെ ജീവിതം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

സത്യദൈവമായ യഹോവയെ പരിത്യജിച്ച് വിഗ്രഹങ്ങള്‍ക്കു പൂജ ചെയ്യാനും ഇസ്രയേലിനു നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാനും ഏലയാസര്‍ നിര്‍ബന്ധിതനായി. ഏതൊരു ജീവിയുടെയും ഏറ്റവും വലിയ ഭയമാണ് മരണഭയം. ആ ഭയത്തിനു മുന്നില്‍ പലപ്പോഴും മനുഷ്യന്‍ സകല ധൈര്യവും ചോര്‍ന്ന് ബലഹീനനായിത്തീരും. എന്നാല്‍ ഗ്രീക്കുദൈവങ്ങളെ ആരാധിക്കാത്ത പക്ഷം താന്‍ വധിക്കുമെന്നറിഞ്ഞിട്ടും (മക്കബായര്‍ 6:9) ഏലയാസര്‍ തന്റെ സത്യദൈവത്തെയും സത്യവിശ്വാസത്തെയും ഉപേക്ഷിക്കാന്‍ തയാറായില്ല. കാരണം, വിശ്വാസം പരിത്യജിച്ച് സഹോദരങ്ങള്‍ക്ക് ഉതപ്പിനു കാരണമായി ജീവിക്കുന്നതിനേക്കാള്‍ ധീരതയോടെ മരിക്കുന്നതാണ് കൂടുതല്‍ ശ്രേയസ്കരം എന്ന് ഏലയാസര്‍ തിരിച്ചറിഞ്ഞു (2 മക്കബായര്‍ 6:18-20). തന്റെ നരച്ച മുടിയുടെ മഹത്വത്തിനും, ബാല്യം മുതല്‍ നയിച്ച ഉത്തമജീവിതത്തിനും, വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ച വിധം സര്‍വശക്തന്റെ കരങ്ങളില്‍ തന്നെത്തന്നെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ച അദ്ദേഹം രാജാവിന്റെ ആജ്ഞയെ ധിക്കരിച്ച് വിശ്വാസത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയായി നല്കി.

ഒരു നിമിഷത്തെ സുഖത്തിനും ഒരല്‍പം പായസം നല്കുന്ന ആശ്വാസത്തിനുംവേണ്ടി (ഉല്‍പത്തി 25:32) ജീവിതത്തില്‍ അമൂല്യമായി കരുതേണ്ടവയെ അടിയറ വയ്ക്കാന്‍ തയാറാകുന്ന ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ആറെന്നോ അറുപതെന്നോ നോക്കാതെ അമ്മപെങ്ങന്മാരെപ്പോലും പിച്ചിച്ചീന്തുവാനും സ്വന്തം സംരക്ഷണത്തിനും കരുതലിനും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും കരുണയുടെ കണികപോലുമില്ലാതെ പെരുമാറാനും, മദ്യപാനം വഴി കുടുംബസമാധാനം തകര്‍ക്കുവാനും ദാമ്പത്യ വിശ്വസ്തതയെ കാര്യമായി ഗണിക്കാതെ അന്യപുരുഷനോടും സ്ത്രീയോടുമൊപ്പം കിടപ്പറ പങ്കിടാനും മയക്കുമരുന്നും മറ്റു ദുശ്ശീലങ്ങളും വഴി സ്വജീവിതം തന്നെ നശിപ്പിക്കാനും ജീവിതത്തിന്റെ പരിശുദ്ധി നൈമിഷിക സുഖങ്ങള്‍ക്കു മുന്നില്‍ അടിയറ വയ്ക്കാനും ഒരു മനസാക്ഷിയുമില്ലാതെ ആത്മമിത്രത്തെപ്പോലും വഞ്ചിക്കാനും തയാറാകുമ്പോള്‍ തിരിച്ചറിയുക, നമ്മുടെ ജീവിതത്തിലെ മൂല്യങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന്. ദൈവവും ദൈവപ്രമാണങ്ങളും സഭയുടെ പ്രബോധനങ്ങളും സൌകര്യപൂര്‍വം വിസ്മരിക്കുമ്പോള്‍, ദൈവസ്നേഹത്തിനു പകരം സ്വാര്‍ഥതാത്പര്യങ്ങളാല്‍ മനസു നിറയുമ്പോള്‍ ദൈവസ്നേഹത്താല്‍ നിറയേണ്ട നമ്മുടെ കുടുംബങ്ങള്‍ അസമാധാനത്തിന്റെയും അസ്വസ്ഥതയുടെയും കണ്ണുനീരിന്റെയും കൂടാരമായി മാറുകയാണ്.

ഈ നോമ്പിലൂടെ നാം കടന്നുപോകുമ്പോള്‍ ഒരു ആത്മവിമര്‍ശനത്തിന് നമുക്ക് സ്വയം വിധേയരാകാം. വിശ്വാസത്തിനു വേണ്ടി ജീവിക്കാന്‍, മൂല്യങ്ങള്‍ സംരക്ഷിക്കാനായി ജീവിതം പോലും ബലിനല്കാന്‍ തക്ക വിശ്വാസതീക്ഷ്ണത നമുക്കുണ്േടാ? ഈ ലോകം വച്ചുനീട്ടുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ദൈവസ്നേഹത്തെപ്രതി വേണ്െടന്നുവയ്ക്കാന്‍ നാം തയാറാകുമ്പോള്‍ അനശ്വരമായ സ്വര്‍ഗഭാഗ്യം നമ്മെ കാത്തിരിക്കുന്നുവെന്ന വലിയ പാഠമാണ് ഈ നോമ്പുകാലം നമുക്കു പകര്‍ന്നുനല്കുന്നത്. ആകയാല്‍ ദൈവസ്നേഹത്തിനു സ്വയം വിട്ടുകൊടുക്കാന്‍, മരിക്കേണ്ടിവന്നാലും വിശ്വാസത്തിലും മൂല്യങ്ങളിലും ഉറച്ചുനില്‍ക്കാന്‍ നമുക്ക് തയാറാകാം. കാരണം നാം ഭയക്കേണ്ടത് മരണത്തെയല്ല, മനഃസാക്ഷിയെയാണ്.