വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ സഭയെക്കൂടി കേള്‍ക്കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
Thursday, March 10, 2016 6:51 AM IST
സി.കെ. കുര്യാച്ചന്‍

ബംഗളൂരു: രാജ്യത്തു നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ നയരൂപീകരണ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭയെക്കൂടി കേള്‍ക്കണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ.

രാജ്യത്തെ ദരിദ്രരും ദളിതരും ആദിവാസികളുമായ ഗ്രാമീണജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ആയിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സഭയെ എന്തുകൊണ്ടു നയരൂപീകരണ ചര്‍ച്ചകളില്‍നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ബംഗളൂരുവില്‍ സമാപിച്ച ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) മുപ്പത്തിരണ്ടാമത് പ്ളീനറി അസംബ്ളിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം എന്ന ആശങ്ക സമൂഹത്തില്‍ ഉയരുന്നുണ്ട്. ഈ ആശങ്കകള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ സഭയെക്കൂടി കേള്‍ക്കുകയാണു വേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം പാശ്ചാത്യരാജ്യങ്ങളുടെ മതേതരത്വ ചിന്താഗതിയില്‍നിന്നു വ്യത്യസ്തമാണ്. ഒരു മതത്തിനും ആധിപത്യമില്ലാത്തതും എല്ലാ മതങ്ങള്‍ക്കും തുല്യതയുള്ളതുമാണ് ഇന്ത്യയുടെ മതേതരത്വം. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രത്തിനെതിരായ ചില പ്രവണതകള്‍ അടുത്ത കാലത്തായി വളര്‍ന്നുവരുന്നുണ്ട്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.

ജീവിതമൂല്യങ്ങളും ആധ്യാത്മികമൂല്യങ്ങളും നഷ്ടപ്പെടാന്‍ സാമൂഹ്യമാധ്യമങ്ങളുടെ വളര്‍ച്ച ഇടയാക്കുന്നു. ഇതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. യുവജനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഉപഭോഗസംസ്കാരം ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കുന്നത് അപകടകരമാണ്. വിവിധ ക്രൈസ്തവസഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സംവാദം വര്‍ധിപ്പിക്കണം. ഭരണകൂടങ്ങളുടെയോ കോര്‍പറേറ്റുകളുടെയോ മാതൃകയിലല്ല സഭയുടെ പ്രവര്‍ത്തനം. ആധ്യാത്മികവും കരുണയില്‍ ഊന്നിയ സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളുമാണ് സഭ നടത്തുന്നത്. ദൈവവിശ്വാസമുള്ള സമൂഹത്തെ സൃഷ്ടിക്കുന്ന അജപാലന പദ്ധതിയാണ് സഭയുടേത്. ഇതുവഴി രാഷ്ട്രനിര്‍മിതിയും സഭ ലക്ഷ്യം വയ്ക്കുന്നു.

ദളിത് ക്രൈസ്തവര്‍ രാജ്യത്ത് ഇരട്ട അവഗണനയാണ് നേരിടുന്നത്. ദളിതര്‍ എന്ന നിലയിലുള്ള അവഗണനയ്ക്കൊപ്പം ദളിത് ക്രൈസ്തവര്‍ എന്ന രീതിയില്‍ വീണ്ടും അവഗണന നേരിടുകയാണ്. ദളിത് വിഭാഗങ്ങള്‍ക്കു ലഭ്യമാകേണ്ട സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ക്കു നിഷേധിക്കപ്പെടുന്നു. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഈ നീതിനിഷേധത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് സഭയ്ക്കുള്ളത്. ദളിത് ക്രൈസ്തവര്‍ക്ക് പൂര്‍ണമായ സഹകരണവും പിന്തുണയും നല്കും. കാന്‍ഡമല്‍ കലാപങ്ങളില്‍ ഇരകളായവര്‍ക്ക് നീതി നടപ്പാക്കിക്കിട്ടുമെന്നാണ് സഭ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയില്‍ പൂര്‍ണവിശ്വാസമുണ്െടന്നും മാര്‍ ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു.

യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നു കാണാതായ സലേഷ്യന്‍ മിഷണറി ഫാ. ടോം ഉഴുന്നാലിലിനെ രക്ഷിക്കുന്നതിനുള്ള അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് കത്തു നല്കിയിട്ടുണ്െടന്നും മാര്‍ ക്ളീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറല്‍ റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരനാസ്, ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, സെന്റ് ജോണ്‍സ് ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം, വക്താവ് ഫാ. ഗ്യാനപ്രകാശ് ടോപ്നോ എന്നിവരും പങ്കെടുത്തു. ടലല ാീൃല മ: വു://ംംം.റലലുശസമ.രീാ/ചലംബെഇമ2ബൌയ.മുഃ?രമരീേറല=രമ3&ിലംരീെറല=393373#വെേമവെ.ഡേെതഘഎഃര.റുൌള