സംസ്ഥാനത്ത് പ്ളാസ്റിക്കിനും ഫ്ളക്സിനും നിരോധനം
Friday, March 11, 2016 8:56 AM IST
ബംഗളൂരു: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ ഒഴികെയുള്ള പ്ളാസ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇക്കാര്യം അംഗീകരിച്ചത്. അടുത്ത ദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിരോധനം പ്രാബല്യത്തില്‍ വരും. വനംപരിസ്ഥിതി വകുപ്പ് തയാറാക്കിയ അന്തിമ കരട് വിജ്ഞാപനത്തിനാണ് മന്ത്രിസഭ അംഗീകാരം നല്കിയത്. ഫ്ളക്സുകള്‍, പ്ളാസ്റിക് ബാനറുകള്‍, ബാഗുകള്‍ എന്നിവയാണ് നിരോധിച്ചത്.

പ്ളാസ്റിക്കിന്റെ ഉപയോഗം പരിസ്ഥിതിപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവര്‍ത്തകരും സാമൂഹികസംഘടനകളും വ്യാപകമായി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പ്ളാസ്റിക് നിരോധിക്കാന്‍ തീരുമാനിച്ചത്.

പ്ളാസ്റിക് ഉപയോഗത്തിനെതിരായ ബോധവത്കരണവും സര്‍ക്കാര്‍ ഇതോടൊപ്പം നടത്തും. പ്ളാസ്റിക്കിനു പകരം പേപ്പര്‍, തുണി ബാഗുകള്‍, വാഴയില, പാള പ്ളേറ്റുകള്‍, ഗ്ളാസ് കപ്പുകള്‍, തുണി ബാനറുകള്‍, തെര്‍മോകോള്‍ തുടങ്ങിയവ ഉപയോഗിക്കാമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്ളാസ്റിക് നിരോധിക്കാനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം മുമ്പുതന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 20ന് പ്ളാസ്റിക് നിരോധന ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനത്തിനായി വീണ്ടും പരിഗണനയിലേക്കു മാറ്റുകയായിരുന്നു.

പ്ളാസ്റിക്കിന്റെ അളവ് കണക്കിലെടുക്കാതെ എല്ലാത്തരം ഉത്പന്നങ്ങളുടെയും നിര്‍മാണവും വിതരണവും വില്പനയും നിരോധിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തത്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ച് പ്രകാരമാണ് നിരോധനം. ബിബിഎംപി. ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, താലൂക്ക് തഹസീല്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിയമം നടപ്പാക്കാനുള്ള അധികാരമുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരേ പ്ളാസ്റിക് നിര്‍മാണകമ്പനികളില്‍ നിന്നും വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്. സംസ്ഥാനത്ത് 6,000 പ്ളാസ്റിക് ഉത്പാദന കേന്ദ്രങ്ങളിലായി 70,000 പേര്‍ ജോലി ചെയ്യുന്നുണ്െടന്നും നിരോധനം ഇവരെ പ്രതികൂലമായി ബാധിക്കുമെന്നും കമ്പനികളുടെ സംഘടനകള്‍ പറഞ്ഞു.