കല്‍ബുര്‍ഗി വധം: അന്വേഷണം പുതിയ സംഘത്തിന്
Wednesday, March 16, 2016 8:27 AM IST
ബംഗളൂരു: പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കേസില്‍ സിഐഡിയാണ് അന്വേഷണം നടത്തിയത്.

എന്നാല്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ അന്വേഷണസംഘത്തെ രൂപീകരിച്ചത്. കേസിന്റെ എല്ലാ വശവും അന്വേഷണസംഘം വീണ്ടും പരിശോധിക്കും. നേരത്തെ, കേസ് സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നുമായിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗിയെ ധര്‍വാഡിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തിയത്. തുടര്‍ന്ന്, തീവ്രഹൈന്ദവ സംഘടനകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിവന്നത്.

മഹാരാഷ്ട്രയിലെ സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരുടെ കൊലപാതകവുമായി കേസിനു ബന്ധമുണ്െടന്ന് കണ്െടത്തിയിരുന്നു. തുടര്‍ന്ന് കൊലപാതകികളുടെ രേഖാചിത്രം തയാറാക്കിയെങ്കിലും പ്രതികളെ കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്െടത്താന്‍ പുതിയ അന്വേഷണസംഘത്തിനു കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.