കൈയേറ്റസ്ഥലങ്ങള്‍ ഇനി കളിസ്ഥലങ്ങളാകും
Wednesday, March 16, 2016 8:27 AM IST
ബംഗളൂരു: നഗരത്തില്‍ അനധികൃത കൈയേറ്റക്കാരില്‍ നിന്നു തിരിച്ചുപിടിച്ച ഭൂമിയില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളും നിര്‍മിക്കാന്‍ പദ്ധതി. ഇതു സംബന്ധിച്ച് ബംഗളൂരു നഗരവികസന ഡപ്യൂട്ടി കമ്മീഷണര്‍ വി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം രൂപരേഖ തയാറാക്കി. ലാല്‍ബാഗ്, കബണ്‍ പാര്‍ക്ക് എന്നിവയ്ക്കു സമാനമായി നഗരത്തില്‍ എട്ടിടങ്ങളില്‍ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ സംഘം നിര്‍ദേശം മുന്നോട്ടുവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ബംഗളൂരു വികസനമന്ത്രി കെ.ജെ. ജോര്‍ജ്, റവന്യൂ മന്ത്രി വി. ശ്രീനിവാസ പ്രസാദ് എന്നിവര്‍ക്കും പദ്ധതിയുടെ രൂപരേഖ കൈമാറിയിട്ടുണ്ട്. ആയിരം ഏക്കറിലധികം ഭൂമിയാണ് കൈയേറ്റക്കാരില്‍ നിന്നും അധികൃതര്‍ തിരിച്ചുപിടിച്ചത്.

ബംഗളൂരു നഗരത്തോടു ചേര്‍ന്ന 85 ഇടങ്ങള്‍ ജില്ലാ ഭരണകൂടം പാര്‍ക്കുകള്‍ക്കായി കണ്െടത്തിയിട്ടുണ്ട്. ബംഗളൂരു സൌത്തില്‍ 388 ഏക്കര്‍, ആനേക്കലില്‍ 321 ഏക്കര്‍, ബംഗളൂരു ഈസ്റ് 303 ഏക്കര്‍, ബംഗളൂരു നോര്‍ത്ത് 290 ഏക്കര്‍ എന്നിങ്ങനെയാണ് പാര്‍ക്കുകള്‍ക്കായി കണ്െടത്തിയിരിക്കുന്നതത്. ഇതുകൂടാതെ, ബംഗളൂരുവില്‍ 109 ഇടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കെട്ടിടനിര്‍മാണം, ആശൂപത്രി, ശ്മശാനം തുടങ്ങിയവ സ്ഥാപിക്കാനും പദ്ധതി രൂപരേഖയില്‍ നിര്‍ദേശിക്കുന്നു.

നഗരത്തില്‍ വാഹനപ്പെരുപ്പവും മലിനീകരണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാനാണ് സാധ്യത. നഗരത്തില്‍ കൂടുതല്‍ ഹരിതമേഖലകളും പാര്‍ക്കുകളും വേണമെന്ന് പരിസ്ഥിതി സംഘടനകള്‍ ഏറെനാളായി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ബംഗളൂരുവില്‍ 19.9 ശതമാനമാണ് ഹരിതപ്രദേശം. ഡല്‍ഹിയില്‍ ഇത് 20 ശതമാനവും മുംബൈയില്‍ 2.5 ശതമാനവുമാണ്.