ആജീവനാന്ത നികുതിക്കെതിരായ ഹൈക്കോടതി ഉത്തരവ് ; ഇതു കൂട്ടായ്മയുടെ വിജയം
Thursday, March 17, 2016 6:17 AM IST
ബംഗളൂരു: ഒരു മാസത്തില്‍ കൂടുതല്‍ കര്‍ണാടകയില്‍ തങ്ങുന്ന അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്ന് ആജീവനാന്ത നികുതി ഈടാക്കുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് മലയാളികളടക്കമുള്ള മറുനാട്ടുകാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ ഈ നിയമം സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന വാഹനയാത്രക്കാരെ ഏറെ വലച്ചിരുന്നു. ഇതുകൂടാതെ വ്യാപാര ആവശ്യങ്ങള്‍ക്കായി താത്കാലികമായി ബംഗളൂരുവിലെത്തുന്നവരില്‍നിന്നും നികുതി ഈടാക്കുന്നതു പതിവായിരുന്നു. വന്‍തുക പിഴയൊടുക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ കസ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇതോടെ മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടി ഒറ്റക്കെട്ടായി നിയമപോരാട്ടത്തിനിറങ്ങി. ഈ പോരാട്ടത്തിന്റെ വിജയമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി.

'ജസ്റ്റീസ് ഫോര്‍ നോണ്‍കര്‍ണാടക രജിസ്ട്രേഷന്‍ വെഹിക്കിള്‍സ്' എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നാണ് നിയമപോരാട്ടങ്ങളുടെ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35,000 പേരുടെ പിന്തുണയുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പിന്നീട് 'അതിര്‍ത്തികളില്ലാത്ത യാത്ര' എന്ന ആശയത്തിലേക്കു വഴിതെളിച്ചു. ഈ മുദ്രാവാക്യമുയര്‍ത്തി നഗരത്തില്‍ നടത്തിയ സൈക്കിള്‍ റാലിക്ക് ജനങ്ങളുടെ മികച്ച പിന്തുണ ലഭിച്ചിരുന്നു.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആന്ധ്ര സ്വദേശി വസീം മേമന്റെ നേതൃത്വത്തിലായിരുന്നു പോരാട്ടം. മലയാളികളടക്കം നഗരത്തില്‍ നിന്നുള്ള ഒരുലക്ഷത്തോളം അന്യസംസ്ഥാനക്കാരുംഇതില്‍പങ്കുചേര്‍ന്നു. കേന്ദ്രമന്ത്രിമാരടക്കം നിരവധി പേര്‍ക്ക് ഈ കൂട്ടായ്മയുടെ പേരില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയെ നേരിട്ടുകണ്ട ഇവര്‍ 75,000 പേര്‍ ഒപ്പുവച്ച നിവേദനം കൈമാറിയിരുന്നു. സുപ്രീം കോടതിയിലും ഹര്‍ജി നല്കി. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതിയിലേക്ക് പൊതുതാത്പര്യഹര്‍ജി എത്തുകയായിരുന്നു.

സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ അന്യായമായി തങ്ങളില്‍ നിന്നു പിരിച്ചെടുത്ത തുക തിരികെ ലഭിക്കുമെന്നാണ് വാഹന ഉടമകളുടെ പ്രതീക്ഷ. അതേസമയം, ഹൈക്കോടതി വിധി മുന്‍കാല പ്രാബല്യത്തോടെയാണോ എന്നു വ്യക്തമല്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 70 കോടിയോളം രൂപ ഇതരസംസ്ഥാനവാഹനങ്ങളില്‍ നിന്ന് നികുതിയിനത്തില്‍ ഈടാക്കിയതായാണ് കണക്ക്. ഈ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കാനൊരുങ്ങുകയാണ് വാഹന ഉടമകളുടെ കൂട്ടായ്മ.